നഗരസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്ര വോട്ടർ പട്ടികയിൽ 96 ലക്ഷം വ്യാജന്മാരെന്ന് രാജ് താക്കറെ
text_fieldsഎം.എൻ.എസ് യോഗത്തിൽ രാജ് താക്കറെ സംസാരിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ നഗരസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 96 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് മഹാരാഷ്ട്ര നവ നിർമാണ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ.
മുംബൈ നഗരത്തിൽ മാത്രം 10 ലക്ഷത്തോളം വ്യാജ വോട്ടുകളുണ്ടെന്നും പുണെയടക്കം മറ്റ് നഗരസഭകളിലും സമാന അപാകതകൾ കണ്ടെത്തിയതായും അദ്ദേഹം പാർട്ടി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു. വോട്ടർപട്ടിക തിരുത്തിയതിനുശേഷമേ തെരഞ്ഞെടുപ്പ് നടത്താൻ പാടുള്ളൂവെന്നും വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലാക്കണമെന്നും രാജ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് ഭൂമി പതിച്ചുനൽകാനാണ് താഴേക്കിടയിലും അധികാരം പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിനായാണ് വോട്ടർപട്ടികയിൽ കൃത്രിമം കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഷിൻഡെയുടെ തട്ടകത്തിൽ രാജ്–ഉദ്ധവ് സഖ്യം
മുംബൈ: നഗരസഭ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താണെയിൽ രാജ് താക്കറെയുടെ എം.എൻ.എസുമായി സഖ്യമെന്ന് ഉദ്ധവ്പക്ഷ ശിവസേന. 131ൽ 75 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2017ൽ അവിഭക്ത ശിവസേന 67 സീറ്റുകളാണ് നേടിയത്. പാർട്ടി പിളർന്നതോടെ, നഗരസഭാംഗങ്ങളെല്ലാം ഷിൻഡെ പക്ഷത്തേക്ക് പോയി. ഇത്തവണ ഷിൻഡെയുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാനാണ് ബി.ജെ.പി നീക്കം. പ്രാദേശിക നേതാക്കളുടെ സമ്മർദമാണ് കാരണം. അങ്ങനെയെങ്കിൽ ഉദ്ധവ് പക്ഷ ശിവസേന-എം.എൻ.എസ് കൂട്ടുകെട്ട് ഷിൻഡെയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

