വോട്ടവകാശം തട്ടിയെടുക്കരുത്; എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനെയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് കമീഷനെ വോട്ടുചോരി ആയോഗ് എന്ന വിശേഷിപ്പിച്ച അദ്ദേഹം, ബി.ജെ.പിയും ‘വോട്ട് ചോരി ആയോഗും’ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്തുവിലകൊടുത്തും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും എക്സിൽ കുറിച്ചു. ‘വോട്ടുചോരി’യുടെ പിൻബലത്തിൽ അധികാരത്തിലേറിയ സർക്കാറിന് ജനം വലിയ വില കൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർപട്ടികയില നിന്ന് 2.06 കോടി പേരാണ് എസ്.ഐ.ആർ നടപടിക്ക് ശേഷം പുറത്തായത്. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കുകൾ പ്രകാരം നിലവിലെ കരട് പട്ടികയിൽ 7.71 കോടിയിലധികം വോട്ടർമാരാണുള്ളത്.
ഇതിൽ 3.95 കോടി പുരുഷന്മാരും 3.75 കോടി സ്ത്രീകളും 3,087 മൂന്നാംലിംഗക്കാരുമാണ്. ആകെ 2,06,88,487 പേരുടെ എന്യുമറേഷൻ ഫോമുകൾ ശേഖരിക്കാനായില്ല. ഇവരിൽ വിലാസത്തിൽ കണ്ടെത്താനാകാത്തവർ, മരിച്ചവർ, താമസം മാറിയവർ, മറ്റൊരിടത്ത് രജിസ്റ്റർ ചെയ്തവർ, ഡ്യൂപ്ലിക്കേറ്റ് എൻട്രികളുള്ളവർ തുടങ്ങിയവരുണ്ട്. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് നൽകാൻ വിസമ്മതിച്ചവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. ഡൽഹിയിൽ 47.56 ലക്ഷം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായിരുന്നു.
ഡൽഹിയിൽ ന്യൂനപക്ഷ, എസ്.സി മേഖലകളിൽ കൂട്ട ഒഴിവാക്കൽ
ന്യൂഡൽഹി: ഡൽഹിയിലെ എസ്.ഐ.ആർ കരടിൽ മൂന്നിൽ ഒരാൾ പുറത്തായപ്പോൾ കൂടുതൽ ഒഴിവാക്കൽ ഉണ്ടായത് ന്യൂനപക്ഷ, പട്ടികജാതി മേഖലകളിലെന്ന് കണക്കുകൾ. തിങ്കളാഴ്ച എസ്.ഐ.ആർ കരട് പ്രസിദ്ധീകരിച്ചപ്പോൾ 33 ശതമാനം പേരാണ് പുറത്തായത്.
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലുമായി ആകെ 1.45 കോടി വോട്ടർമാരിൽ 47.5 ലക്ഷം പേരെ ഒഴിവാക്കി. ഇതിൽ 20 മുതൽ 45 വരെ ശതമാനം വോട്ടർമാരെ ഒഴിവാക്കിയത് ന്യൂനപക്ഷ ഭൂരിപക്ഷമുള്ളവയും എസ്.സി സംവരണമുള്ളതുമായ മണ്ഡലങ്ങളിൽനിന്നാണെന്നാണ് കണക്കുകൾ. ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന ഷാഹീൻ ബാഗ്, ബട്ല ഹൗസ്, ജാമിഅ മില്ലിയ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഓഖ്ല മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവാക്കൽ. 3,62,813 വോട്ടർമാരിൽ 1,63,829 പേർ (45 ശതമാനം) കരട് പട്ടികയിൽ പുറത്തായി.
ജമാ മസ്ജിദ്, ദരിയാഗഞ്ച് പ്രദേശങ്ങൾ ഉൾപ്പെടുന്ന ചാന്ദ്നി ചൗക്കിൽ 38 ശതമാനവും, ബല്ലിമാരനിൽ 32 ശതമാനവും, മുസ്തഫാബാദിൽ 28 ശതമാനവും, ബാബാർപുരിൽ 26 ശതമാനവും, മതിയാ മഹലിൽ 24 ശതമാനവും, സീലാംപുരിൽ 23 ശതമാനവും വീതം വോട്ടർമാരെ ഒഴിവാക്കി. ഷാഹീൻ ബാഗ്, ജസോല വിഹാർ പ്രദേശങ്ങളിലെ താമസക്കാരെ 2002ലെ പട്ടികയുമായി ബന്ധിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ബി.എൽ.ഒമാർ പരാതിപ്പെട്ടിരുന്നു. ഓഖ്ലയിലും ചാന്ദ്നിചൗക്കിലും വിവരം ശേഖരിക്കാത്ത വിഭാഗത്തിലാണ് കൂടുതൽ പേരും പുറത്തായത്.
ഡൽഹിയിലെ 12 എസ്.സി സംവരണ സീറ്റുകളിലും ഉയർന്ന ഒഴിവാക്കൽ നടന്നു. കരോൾബാഗിൽ 40 ശതമാനവും, അംബേദ്കർ നഗറിൽ 39 ശതമാനവും ദേവ്ലി, കോണ്ട്ലി എന്നിവിടങ്ങളിൽ 37 ശതമാനം വീതവും, ത്രിലോക്പുരിയിൽ 33 ശതമാനവും, സീമാപുരി, സുൽത്താൻപുരി മാജ്റ എന്നിവിടങ്ങളിൽ 31 ശതമാനം വീതവും വോട്ടർമാരെ ഒഴിവാക്കി.
ഡൽഹിയിലെ ജനങ്ങളിൽ മൂന്നിലൊന്നും ബംഗ്ലാദേശികളാണെന്ന രീതിയിലാണ് ബി.ജെ.പി സർക്കാർ പെരുമാറുന്നതെന്നും, പാവങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ജനവിരുദ്ധ സർക്കാറാണിതെന്നും ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

