മൂന്നുദിവസം കൊണ്ട് വിവാഹം, വധു ഹൈദരാബാദിൽ നിന്ന്; ഏജന്റുമാരുടെ കീശയിലെത്തുന്നത് ലക്ഷങ്ങൾ
text_fieldsകോഴിക്കോട്: മലയാളി യുവാക്കൾക്ക് ഹൈദരാബാദിൽനിന്ന് ജീവിത പങ്കാളികളെ കണ്ടെത്തിക്കൊടുത്ത് വിവാഹ ഏജന്റുമാർ കീശയിലാക്കുന്നത് ലക്ഷങ്ങൾ. വിവാഹം നടത്തിക്കൊടുക്കാനായി പ്രത്യേക ബ്യൂറോകളും ഓൺലൈൻ പോർട്ടലുകളും സജീവമാണ്. ഒരു ഏജന്റുമായി ബന്ധപ്പെട്ടപ്പോൾ രണ്ടുലക്ഷം രൂപയോളം കമീഷനായി ലഭിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. ചില വിവാഹ ബ്യൂറോകൾ പരസ്യത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടാൽ എ.ഐ ആയിരിക്കും മറുപടി നൽകുക. കേരളത്തിലെ 20 മുതൽ 45 വയസ്സുവരെയുള്ള പുരുഷൻമാർക്കാണ് ഹൈദരാബാദിൽ നിന്ന് ജീവിതപങ്കാളികളെ ലഭിക്കുക. പുനർവിവാഹം തേടുന്നവർക്കും അവസരമുണ്ട്.
ഹൈദരാബാദി പെൺകുട്ടികൾക്ക് ഡിമാൻഡുകളൊന്നുമില്ലാത്തതുകൊണ്ട് എളുപ്പത്തിൽ വിവാഹം നടക്കുമെന്നാണ് ഏജന്റുമാർ പറയുന്നത്. ആദ്യം ഹൈദരാബദിൽ വന്ന് പെൺകുട്ടിയെ നേരിട്ട് കാണണം. ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്ന പെൺകുട്ടികളെ ഇഷ്ടമായാൽ രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ വിവാഹം നടത്തിക്കൊടുക്കും. നിക്കാഹ് കഴിഞ്ഞ് 24 മണിക്കൂറിനകം വിവാഹ സർട്ടിഫിക്കറ്റും ലഭിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം.
കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും അഞ്ചുവർഷത്തിനിടെ കേരളത്തിൽ ഈ രീതിയിൽ ഒരുപാട് മുസ്ലിം യുവാക്കൾ വിവാഹം ചെയ്തിട്ടുണ്ട്. സർക്കാർ അംഗീകൃത ഖാദി ആണ് വിവാഹത്തിന് നേതൃത്വം നൽകുക എന്നാണ് ഏജന്റുമാർ പറയുന്നത്. വിവാഹത്തിന് ആധാർ കാർഡും രണ്ട് ഫോട്ടോയുമാണ് രേഖകളായി ആവശ്യപ്പെടുന്നത്. സ്വർണത്തിന് പകരം പണമാണ് ഹൈദരാബാദിൽ മഹറായി വധുവിന് നൽകേണ്ടത്. സാധാരണ രീതിയിൽ മൂന്നരലക്ഷം വരെയാണ് മഹർ തുകയായി നൽകേണ്ടത്.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളുടെ കൈവശം ഏഴുലക്ഷം രൂപയിൽ കുറയാത്ത തുക വേണം. വധുവിന് നൽകാനുള്ള മഹറിനും നിക്കാഹ് ചെലവുകൾക്കും വസ്ത്രം, ഭക്ഷണം, ഖാദിക്ക് നൽകേണ്ട തുക എന്നിവക്കുമായി ഏതാണ്ട് അഞ്ചുലക്ഷം രൂപ ചെലവാകുമത്രെ. 19 മുതൽ 35 വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഏജന്റുമാർ വധുക്കളായി പരിചയപ്പെടുന്നത്. അതിൽ 25 വയസ്സിനു മുകളിലുള്ള പെൺകുട്ടികളേറെയും പുനർവിവാഹം തേടുന്നവരാണെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

