ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ; പസഫിക് മേഖലയിലെ സുരക്ഷയും വെല്ലുവിളികളും ചർച്ചയാകും
text_fieldsന്യൂഡൽഹി: ഇൻഡോ-പസഫിക് മേഖല നേരിടുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ക്വാഡ് കൂട്ടായ്മയിലെ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സുപ്രധാന യോഗം ഇന്ന് ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉന്നതതല ചർച്ചയിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും.
ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുക, സമുദ്ര സുരക്ഷ ഉറപ്പാക്കുക, പ്രധാന ധാതുക്കളുടെ ലഭ്യത, പുതിയ സാങ്കേതികവിദ്യകൾ, ഉൽപ്പാദന വിതരണ ശൃംഖലകളുടെ സുരക്ഷ എന്നിവയ്‌ക്കൊപ്പം പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2025 ജൂലൈ 1-ന് വാഷിംഗ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നിലവിലുള്ള വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താനും പ്രാദേശിക സാമ്പത്തിക വളർച്ചയും സ്ഥിരതയും വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സന്ദർശനത്തിനിടയിൽ വിദേശ മന്ത്രിമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോള പങ്കാളിത്തം ഇൻഡോ-പസഫിക് മേഖലയുടെ നന്മക്കായി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം ഈ ചർച്ചയിൽ വ്യക്തമാക്കി.
ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആഗോള ഭീകരവാദം, വിതരണ ശൃംഖല തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇന്ത്യയും അമേരിക്കയും ഒരേ നിലപാടിലാണെന്ന് ഞായറാഴ്ച പറഞ്ഞിരുന്നു. ലോകത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളിലൊന്നാണ് ഇന്ത്യയെന്നും ജനാധിപത്യ രാജ്യങ്ങളായതിനാൽ ഇരുരാജ്യങ്ങൾക്കും ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

