ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഡൽഹിയിൽ; മോദിയുമായി ഇന്ന് നിർണായക കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വിമാനത്താവളത്തിൽ പുടിനെ സ്വീകരിച്ചു.
2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്ക് പുറത്ത് പുടിൻ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജ സഹകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണവും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ് ചർച്ചയിലെ പ്രധാന അജണ്ട. റഷ്യ ഇന്ത്യയുടെ പ്രധാന ഊർജ വിതരണക്കാരിൽ ഒന്നായി തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ- റഷ്യ സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
റഷ്യ -യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, ഹുർമുസ് കടലിടുക്കിന്റെ ഉപരോധം, ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, താരിഫ് നയങ്ങൾ എന്നിവയുൾപ്പെടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വർധിച്ചുവരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അംഗരാജ്യങ്ങൾക്ക് അംഗീകരിക്കാവുന്ന പൊതുനിലപാട് രൂപപ്പെടുത്താനാകുമോ എന്നതാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തും. ഏഴ് വർഷത്തിന് ശേഷമുള്ള ഷിയുടെ ഇന്ത്യാ സന്ദർശനമാണിത്. മോദി-ഷി കൂടിക്കാഴ്ചയും ഉച്ചകോടിക്കിടെ നടക്കുമെന്നാണ് പ്രതീക്ഷ.
ലോകനേതാക്കൾ എത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുടിൻ, ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവർക്ക് പ്രത്യേകം ഹോട്ടലുകളാണ് ഒരുക്കിയിരിക്കുന്നത്. നേതാക്കളുടെ സുരക്ഷക്കായി 30000ത്തിൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

