ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും, പിന്നെ എന്തിനാണ് പാർലമെന്റ്; മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക
text_fieldsന്യൂഡൽഹി: പ്രതിപക്ഷം ആവശ്യമില്ലാത്ത കാര്യങ്ങൾ ചർച്ചയാക്കി പാർലമെന്റിൽ വന്ന് നാടകം കളിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഡൽഹിയിൽ വായുമലിനീകരണം വലിയ പ്രശ്നമാണ്. ഞങ്ങൾ അക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യും. പിന്നെ എന്തിനാണ് പാർലമെന്റ്? അത്തരം ചർച്ചകൾ ഒരിക്കലും നാടകമല്ല. പ്രശ്നങ്ങൾ ഉയർത്തുന്നതും അതേ കുറിച്ചു സംസാരിക്കുന്നതും ഒരിക്കലും നാടകമല്ല. പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചർച്ചകൾ നാടകത്തിൽ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ വന്ന് പ്രതിപക്ഷം നാടകം കളിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പാർട്ടിഭേദമില്ലാതെ എം.പിമാർക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കണം. നാടകം കളിക്കാൻ പ്രതിപക്ഷ എം.പിമാർക്ക് നിരവധി സ്ഥലങ്ങളുണ്ട്. അതിനുള്ള സ്ഥലം പാർലമെന്റല്ലെന്നും മോദി പറഞ്ഞു. നാടകം കളിക്കാനും മുദ്രാവാക്യം വിളിക്കാനും നിരവധി സ്ഥലങ്ങളുണ്ട്. പാർലമെന്റല്ല അതിനുള്ള സ്ഥലം. പാർലമെന്റിൽ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ നിരാശയിൽ പ്രതിപക്ഷം പാർലമെന്റിനെ പോർക്കളമാക്കരുതെന്നും യഥാർഥ പ്രശ്നങ്ങളാണ് പാർലമെന്റിൽ ചർച്ചയാക്കേണ്ടതെന്നും മോദി പറഞ്ഞിരുന്നു. ഔദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ടത് എങ്ങനെയാണെന്നതിൽ പ്രതിപക്ഷാംഗങ്ങൾക്ക് ഉപദേശംനൽകാൻ താൻ തയാറാണെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി മോദി.
കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷം കളിക്കുന്ന കളി ജനങ്ങൾ ഇനിയും അംഗീകരിക്കില്ല. അവർ അവരുടെ തന്ത്രം മാറ്റേണ്ട കാലമായിരിക്കുന്നു. അവർക്ക് ഉപദേശം നൽകാൻ താൻ തയ്യാറാണെന്നും മോദി പറഞ്ഞു. സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ സാധിക്കാത്തതിൽ പുതിയ എം.പിമാർ നിരാശരാണെന്നും മോദി പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിപക്ഷ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

