പ്രതിപക്ഷം തന്ത്രം മാറ്റേണ്ട സമയമായി; വേണമെങ്കിൽ അവർക്ക് ഉപദേശം നൽകാമെന്ന് മോദി, തിരിച്ചടിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വിമർശനവുമായി പ്രതിപക്ഷം. പാർലമെന്റ് നാടകത്തിനുള്ള സ്ഥലമല്ലെന്നും ചിലർ പാർലമെന്റിനെ തെരഞ്ഞെടുപ്പിനുള്ള സന്നാഹ വേദിയാക്കി മാറ്റുകയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷത്തിന് എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യത്തിൽ ചില പൊടിക്കൈകൾ നൽകാൻ താൻ തയാറാണെന്നും പക്ഷേ, അവർ സമ്മേളനം തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പു നൽകണമെന്നും മോദി പരിഹസിച്ചു.
കഴിഞ്ഞ 11 വർഷമായി സർക്കാർ പാർലമെന്ററി മര്യാദയെയും സംവിധാനത്തെയും തുടർച്ചയായി ചവിട്ടിമെതിക്കുന്നെന്നതാണ് യാഥാർഥ്യമെന്നും അത്തരം സംഭവങ്ങളുടെ നീണ്ട പട്ടിക എല്ലാവർക്കും അറിയാവുന്നതാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ കുറഞ്ഞത് 12 ബില്ലുകളെങ്കിലും തിടുക്കത്തിൽ പാസാക്കി. ചിലത് 15 മിനിറ്റിനുള്ളിലും ചിലത് ചർച്ചയില്ലാതെയുമാണ് പാസാക്കിയതെന്നും ഖാർഗെ പറഞ്ഞു.
രാജസ്യഭ ചെയർമാനായി സി.പി. രാധാകൃഷ്ണനെ സ്വാഗതം ചെയ്തുള്ള സഭ പ്രസംഗത്തിലും ഖാർഗെ വിഷയം ചൂണ്ടിക്കാട്ടി. മോദിയുടെ പ്രസംഗത്തിന് പാർലമെന്റിനുള്ളിലും മറുപടി നൽകുമെന്ന് ഖാർഗെ പറഞ്ഞു. സഭകളില്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നതും ചര്‍ച്ചചെയ്യുന്നതും നാടകമല്ല, മറിച്ച് ജനാധിപത്യപ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമാണെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.
മോദി നാടകത്തിൽ മാസ്റ്റർ ആയതിനാൽ ഞങ്ങൾക്ക് അദ്ദേഹവുമായി മത്സരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് എം.പി രേണുക ചൗധരി പറഞ്ഞു. എസ്.ഐ.ആറിനെക്കുറിച്ചുള്ള ചർച്ച എങ്ങനെയാണ് നാടകമാകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി ചോദിച്ചു.
ധൻഖറിന്റെ രാജി പരാമർശിച്ച് ഖാർഗെ; രാജ്യസഭയിൽ ബഹളം
ന്യൂഡൽഹി: രാജ്യസഭ അധ്യക്ഷനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തിയ ആദ്യ ദിനത്തിൽ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിവിഷയത്തിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷം. സി.പി രാധാകൃഷ്ണനെ സ്വാഗതം ചെയ്ത രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സംസാരിച്ചപ്പോഴാണ് മുൻ ചെയർമാന്റെ അപ്രതീക്ഷിത രാജി ഉയർത്തി ഭരണപക്ഷത്തെ കടന്നാക്രമിച്ചത്.
നിങ്ങളുടെ മുൻഗാമിയുടെ അപ്രതീക്ഷിത രാജി പരാമർശിക്കാൻ തന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നുപറഞ്ഞാണ് ഖാർഗെ വിഷയം ഉന്നയിച്ചത്. സഭ ചെയർമാൻ പ്രതിപക്ഷത്തിന്റേത് കൂടിയാണ്. അദ്ദേഹത്തോട് വിടപറയാൻ സഭക്ക് അവസരം ലഭിക്കാത്തതിൽ ഞാൻ നിരാശനായിരുന്നു. എന്നിരുന്നാലും, മുഴുവൻ പ്രതിപക്ഷത്തിനും വേണ്ടി അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു-ഖാർഗെ പറഞ്ഞു.
ഇതോടെ, ഭരണപക്ഷം ബഹളം വെച്ചു. പിന്നാലെ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രാജ്യസഭ നേതാവ് ജെ.പി. നഡ്ഡയും ഖാർഗെയെ വിമർശിച്ച് രംഗത്തുവന്നു. മുൻ ചെയർമാനെതിരെ പ്രതിപക്ഷം നിന്ദ്യമായ വാക്ക് ഉപയോഗിച്ചത് ആരും മറന്നിട്ടില്ലെന്ന് റിജിജുവും ഈ വിഷയത്തിൽ ചർച്ചയിലേക്ക് കടന്നാൽ, പ്രതിപക്ഷം ഒന്നിലധികം തവണ ചെയർമാനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതും ചർച്ചയാകുമെന്ന് നഡ്ഡയും പറഞ്ഞു. അനുമോദന പരിപാടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷകാല പാർലമെന്റ് സമ്മേളനത്തിനിടെയായിരുന്നു ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

