300 കോടിയുടെ ഓഫിസ്! എന്താണ് ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സ്?; ഗൗരവമേറിയ ചോദ്യമുയർത്തി പ്രിയങ്ക് ഖാർഗെ
text_fieldsകലബുറഗി: ആർ.എസ്.എസിന്റെ ഫണ്ടിങ്ങ് സ്രോതസ്സുകളുമായി ബന്ധപ്പെട്ട ഗൗരവതരമായ ചോദ്യം ഉന്നയിച്ച് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ. സംഘടനയുടെ ഫണ്ടിങ്ങിനെകുറിച്ചുള്ള കാര്യങ്ങൾ അവ്യക്തമാണെന്നും അത് ഭിന്നിപ്പിക്കലിന്റെയും ഭരണഘടനാ വിരുദ്ധവുമായ പ്രത്യയശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
‘ആർ.എസ്.എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്? അവർ 300 മുതൽ 400 കോടി രൂപ വരെ വിലമതിക്കുന്ന ഓഫിസ് കെട്ടിടങ്ങൾ നിർമിക്കുന്നു. അവരുടെ ഫണ്ടിങ് ഇത്ര അവ്യക്തമായിരിക്കുന്നത് എന്തുകൊണ്ട്? ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ എന്നോട് പറയട്ടെ. എന്നാൽ, എനിക്ക് ഉത്തരം അറിയാം’ -കലബുറഗി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖാർഗെ പറഞ്ഞു. നമ്മൾ മൂന്നക്കങ്ങൾ കടക്കുമ്പോൾ, ഇ.ഡി, ഐ.ടി പോലുള്ള ഏജൻസികളെ അവിടേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനാ വിരുദ്ധരാണെന്നും ഖാർഗെ ആരോപിച്ചു. ഞാൻ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്. ജനങ്ങളിൽ നിന്ന് എനിക്ക് അധികാരം ലഭിച്ചാൽ ഈ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന, മതപരമായ അടിസ്ഥാനത്തിൽ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയുടെ തത്വങ്ങൾ ലംഘിക്കുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കും. രാജ്യത്തിന്റെ താൽപര്യത്തിനുവേണ്ടിയാണിത്’ -അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ് മുൻകാലങ്ങളിലും ആ.എസ്.എസിനെ നിരോധിച്ചിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
‘ജാതി, വർഗീയ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഹാനികരമാകുന്നവർ ദേശവിരുദ്ധരാണെന്ന് അംബേദ്കർ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് ഒരു രാഷ്ട്രം, ഒരു മതം എന്ന പേരിൽ ആരാണ് വിഭജനത്തിന്റെ വിത്തുകൾ വിതക്കുന്നത്? അത് ആർ.എസ്.എസും ബി.ജെ.പിയുമാണ്- ഡോ. ബി.ആർ. അംബേദ്കറുടെ അവസാനത്തെ പ്രസംഗം ഉദ്ധരിച്ച് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര നിലപാടിനെ വിമർശിച്ച ഖാർഗെ, സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകളെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയിൽ അവർ ഈ വാക്കുകളെ എതിർക്കുന്നു. പക്ഷേ, ബി.ജെ.പിയുടെ സ്വന്തം ഭരണഘടനയിൽ അവ പരാമർശിക്കുന്നുണ്ട്. ബി.ജെ.പി ഭരണഘടനയുടെ ആർട്ടിക്കിൾ 2 പാർട്ടി സോഷ്യലിസത്തിനും മതേതരത്വത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പറയുന്നു. ആദ്യം അത് മാറ്റാൻ ആർ.എസ്.എസ് അവരുടെ ബി.ജെ.പി അനുയായികളോട് ആവശ്യപ്പെടട്ടെ -അദ്ദേഹം വെല്ലുവിളിച്ചു. അവർക്ക് സ്വന്തം പാർട്ടിയുടെ ഭരണഘടന പോലും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
നാലു സുപ്രധാന കേസുകളിലെങ്കിലും സുപ്രീംകോടതി മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് ഖാർഗെ മാധ്യമങ്ങളെ ഓർമിപ്പിച്ചു. ‘അവരുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുക. അവർ ദണ്ഡി മാർച്ചിലും, വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തോ, അതോ ‘സൈമൺ ഗോ ബാക്ക്’ പോലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചോ? - അദ്ദേഹം ചോദിച്ചു.
ആർ.എസ്.എസ് തുടക്കം മുതൽ തന്നെ ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ മാസികയായ ഓർഗനൈസർ വായിക്കുക. 1950ലെ എഡിറ്റോറിയലിൽ അവർ ഭരണഘടനയെ എതിർത്തു. ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാൻ സവർക്കർ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. എന്തുകൊണ്ടാണ് അദ്ദേഹം ബ്രിട്ടീഷുകാർക്ക് ക്ഷമാപണ കത്തുകൾ എഴുതിയത്? എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ പെൻഷൻ സ്വീകരിച്ചത്?’ -ഹിന്ദുത്വ പ്രത്യയശാസ്ത്ര വക്താവായ വി.ഡി. സവർക്കറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് ഖാർഗെ ചോദിച്ചു.
അതിനിടെ, ആർ.എസ്.എസിനെതിരെ നടപടിയെടുക്കുമെന്ന പരാമർശത്തിന് പ്രിയങ്ക് ഖാർഗെ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ആവശ്യപ്പെട്ടു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുതിർന്ന ബി.ജെ.പി നേതാവ് മന്ത്രിയുടെ പരാമർശങ്ങളെ ‘ഭ്രാന്ത്’ എന്നും വിശേഷിപ്പിച്ചു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ.എസ്.എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് പറഞ്ഞിരുന്നുവെന്നും, കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് വെറും സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും യെദിയൂരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

