പിണറായി വിജയനും സി.പി.എമ്മും നടത്തേണ്ട പോരാട്ടമാണ് മമത ഏറ്റെടുത്തത്; മുഹമ്മദ് സലീം ‘ഗബ്ബർ സിങ്’ -രൂക്ഷ വിമർശനവുമായി സി.പി.എം വിട്ട യുവനേതാവ് പ്രതീകുർ റഹ്മാൻ
text_fieldsപ്രതീകുർ റഹ്മാൻ
കൊൽക്കത്ത: സി.പി.എമ്മിനെതിരെ രുക്ഷ വിമർശനവും, മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രശംസയുമായി സി.പി.എമ്മുമായി ഇടഞ്ഞ സംസ്ഥാന സമിതി അംഗവും മുൻ എസ്.എഫ്.ഐ പ്രസിഡന്റുമായ പ്രതീകുർ റഹ്മാൻ. എസ്.ഐ.ആർ ഉൾപ്പെടെ വിഷയങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പോരാട്ടങ്ങളെ പ്രശംസിച്ച അദ്ദേഹം, സി.പി.എം നിലപാടുകളെയും കടുത്ത ഭാഷയിൽ വിമർശിച്ചു.
മമതയുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാത്രം സി.പി.എം ഇവയെ അടച്ചാക്ഷേപിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സുപ്രീം കോടതിയിൽ നേരിട്ടെത്തി എസ്.ഐ.ആറിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മമതയുടെ മാതൃക നേരത്തെ ന്നെ സി.പി.എം ഏറ്റെടുക്കേണ്ടതായിരുന്നു. എസ്.ഐ.ആറിനെതിരെ ജനങ്ങൾക്കുവേണ്ടിയാണ് മമത ബാനർജി പോരാടുന്നത്. സി.പി.എം ഏറ്റെടുക്കേണ്ട ഈ പോരാട്ടം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സ്റ്റണ്ട് ആയി മുദ്രകുത്തുകയാണ് പാർട്ടിചെയ്തത്. പിണറായി വിജയനോ എം.എ ബേബിയോ സുപ്രീം കോടതിയിലെത്തണമായിരുന്നു. പക്ഷേ അവർ അങ്ങനെ ചെയ്തില്ല. എസ്.ഐ.ആർ പോരാട്ടത്തിൽ തൃണമൂൽ ഏറെ മുന്നിലാണ് -അദ്ദേഹം പറഞ്ഞു.
സി.പി.എം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു. പാർട്ടിയെ ഏതാനും നേതാക്കൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സംവിധാനമാക്കിമാറ്റി അദ്ദേഹം ‘ഗബ്ബർ സിങ്’ ആയി മാറിയെന്നും ആക്ഷേപിച്ചു.
ബംഗാളിലെ തീപ്പൊരി യുവനേതാവും, സി.പി.എമ്മിന്റെ ന്യൂനനപക്ഷ മുഖവുമായ പ്രതീകുർ റഹ്മാൻ കഴിഞ്ഞ ദിവസമാണ് പാർട്ടിയുമായി അകന്നത്. പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളോട് ഒത്തുപോകാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാജി നൽകിയത്. സംസ്ഥാന, ജില്ലാ പദവികളും പാർട്ടി അംഗത്വവും രാജിവെച്ചു.
അതേസമയം, പ്രതീകുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതീകുർ റഹ്മാന്റെ രാജിയിൽ ഉലഞ്ഞ ബംഗാൾ സി.പി.എമ്മിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി. ബിമൻ ബോസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതീകുർ റഹ്മാനെ സന്ദർശിച്ച് തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതീകുർ റഹ്മാൻ രാജി തീരുമാനം സ്വന്തം മകൻ നഷ്ടമായതു പോലെയെന്നായിരുന്നു മുഹമ്മദ് സലീമിന്റെ പ്രതികരണം. പാർട്ടി സംസ്ഥാന കമ്മിറ്റിക്കു നൽകിയ രഹസ്യ രാജിക്കത്തിൽ മുഹമ്മദ് സലീമിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രതീകുർ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

