ബംഗാൾ സി.പി.എമ്മിന് തിരിച്ചടി; യുവനേതാവ് തൃണമൂലിലേക്ക്; രാജിവെച്ചത് തൃണമൂലുകാരുടെ ക്രൂര മർദനത്തിനിരയായ മുൻ എസ്.എഫ്.ഐ നേതാവ്
text_fieldsപ്രതികുർറഹ്മാൻ 2024 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മേൽവിലാസം തിരിച്ചുപിടിക്കാൻ പാടുപെടുന്ന സി.പി.എമ്മിന് തിരിച്ചടിയായി യുവനേതാവും, പാർട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുർ റഹ്മാന്റെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സി.പി.എം ജില്ലാ, സംസ്ഥാന കമ്മിറ്റികളിൽ നിന്നും രാജിവെച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഒഴിഞ്ഞത്. പ്രതികുർറഹ്മാൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
രാജിക്കുള്ള കാരണം പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും, പുറത്തു പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതികുർറഹ്മാന്റെ രാജിക്കത്ത് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ചു. പാർട്ടിയിലെ ചില സമീപകാല സംഭവങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കാരണങ്ങളാൽ രാജിവെക്കുന്നതായാണ് ഇതിൽ സൂചിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷം നടന്ന ജില്ലാ സമ്മേളനത്തെ തുടർന്ന് പ്രതികുർറഹ്മാൻ പാർട്ടിയുമായി ഭിന്നതയിലായിരുന്നുവെന്നും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സമിതിയിൽ നിന്നും ഇദ്ദേഹവും ഏതാനും നേതാക്കളും രാജിവെച്ചിരുന്നുവെന്നും മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നടപടികളിൽ പ്രതികുർറഹ്മാൻ അസംതൃപ്തനായിരുന്നുവെന്നും, തൃണമൂൽ പുറത്താക്കിയ എം.എൽ.എ ഹുമയൂൺ കബീറിനെ മുഹമ്മദ് സലീം സന്ദർശിച്ചതിനെ വിമർശിച്ചതായും വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയെ വിമർശിച്ചതിനെ തുടർന്ന് വിദ്യാർഥി വിഭാഗം നേതൃത്വത്തിൽ നിന്നും ഒഴിവാക്കി, കർഷക സംഘടനയായ ‘ഖേത് മജുംദാറിന്റെയും, ജില്ലാ തല പ്രവർത്തനങ്ങളിലേക്കും ഒതുക്കിയതിൽ അസംതൃപ്തനായിരുന്നു ഇദ്ദേഹം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജി പാർട്ടിക്ക് തിരിച്ചടിയാണെന്നും, അണികൾക്കിടയിലേക്ക് തെറ്റായ സന്ദേശം നൽകുമെന്നും സംസ്ഥാനത്തെ സി.പി.എം യുവ നേതാവ് പ്രതികരിച്ചു.
അതേസമയം, 2010-11 കാലത്ത് തൃണമൂൽ പ്രവർത്തകരുടെ ക്രൂര മർദനത്തിനിരയായി മൃതപ്രായനായ മുൻ എസ്.എഫ്.ഐ നേതാവ് അതേ തൃണമൂലിൽ ചേരാൻ ഒരുങ്ങുന്നതിന്റെ ഞെട്ടലിലാണ് സി.പി.എം പ്രവർത്തകർ.
സി.പി.എമ്മിന് ഭരണം നഷ്ടമാവുകയും, ഓഫീസുകളും പ്രവർത്തകരും ആക്രമണത്തിനിരയാവുകയും ചെയ്ത സമയത്തായിരുന്നു പ്രതികുർറഹ്മാനെയും തൃണമൂലുകാർ സംഘം ചേർന്ന് ആക്രമിച്ചത്. മരിച്ചുവെന്ന് കരുതി നദിക്കരയിൽ ഉപേക്ഷിച്ചപ്പോൾ, നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ജീവൻ രക്ഷിച്ചത്. അത്തരത്തിലൊരാൾ ഇപ്പോൾ ടി.എം.സിയിൽ ചേരുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സി.പി.എം നേതാവ് പ്രതികരിച്ചു.
എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റായി പ്രതികുർറഹ്മാന്റെ രാജി പാർട്ടി നേതാക്കളെയും ഞെട്ടിച്ചു. ഒരോ പ്രവർത്തകനും പാർട്ടിക്കായി പോരാടിയവരാണെന്നും, പ്രതികും അവരിൽ ഒരാളാണെന്നും അദ്ദേഹവുമായി സംസാരിച്ച് ഭിന്നതകൾ പരിഹരിച്ച് തിരികെയെത്തിക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മീനാക്ഷി മുഖർജി പ്രതികരിച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ തൃണമൂൽ യുവനേതാവും, മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജിക്കെതിരെ പ്രതീകുർറഹ്മാൻ മത്സരിച്ചിരുന്നു. 86,953 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു. 2021 നിയമ സഭാ മത്സരത്തിലും ഇവിടെ മത്സരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

