സ്വത്തുക്കളും വരുമാനത്തിന്റെ 90 ശതമാനവും ഇനി ജൻസുരാജ് പാർട്ടിക്ക്-പ്രശാന്ത് കിഷോർ; അനുഭാവികൾ 1000 രൂപ സംഭാവന നൽകണം
text_fieldsപട്ന: തന്റെ വരുമാനത്തിന്റെ 90 ശതമാനവും ഇനി ജൻസുരാജ് പാർട്ടിക്ക് സംഭാവനയായി നൽകുമെന്നും ഡെൽഹിയിലെ വീട് ഒഴികെയുള്ള എല്ലാ സ്വത്തും പാർട്ടിക്കുതന്നെയെന്നും ബിഹാറിലെ ജൻസുരാജ് സ്ഥാപകനായ പ്രശാന്ത് കിഷോർ. പടിഞ്ഞാറൻ ചമ്പാരനിലെ ഭിതിവാര ഗാന്ധി ആശ്രമത്തിൽ ഒരുദിവസത്തെ ഉപവാസം അവസാനിപ്പിച്ച അവസരത്തിലാണ് പ്രശാന്ത് കിഷോർ ഇക്കാര്യം പറഞ്ഞത്.
അടുത്ത അഞ്ചുവർഷത്തേക്കുള്ള തന്റെ വരുമാനത്തിന്റെ 90 ശതമാനവും പാർട്ടിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യും. ഡൽഹിയിൽ തന്റെ കുടുംബം താമസിക്കുന്ന വീടൊഴികെ കഴിഞ്ഞ 20 വർഷം കൊണ്ട് താൻ സമ്പാദിച്ച സ്വത്ത് മുഴുവൻ ഇനി പാർട്ടിക്കാണെന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞത്. തന്നെയുമല്ല, തന്റെ പാർട്ടിയെ പിന്തുണയ്ക്കുന്നവരെല്ലാം ആയിരം രൂപവെച്ച് സംഭാവന ചെയ്യണം. അല്ലാത്തവരെ താൻ പോയി കാണില്ലെന്നും കിഷോർ പറയുന്നു.
ബിഹാറിൽ മറ്റൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ് പ്രശാന്ത് കിഷോർ. ‘ബിഹാർ നവനിർമാൺ സങ്കൽപ് അഭിയാൻ’ എന്ന കാമ്പയിൻ ജനുവരി 15 ന് ആരംഭിക്കും. രണ്ടു ലക്ഷം രൂപയുടെ ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ എല്ലാ കുടുംബങ്ങളിലും സ്ത്രീകളിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഈ കാമ്പയിന്റെ ഉദ്ദേശം.
തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി കിഷോർ പറഞ്ഞത് രാജ്യത്തിന്റെ ചരിത്രത്തിൽ പാവപ്പെട്ടവർക്ക് പതിനായിരം രൂപ വീതം നൽകി ഒരു ഗവൺമെന്റും വോട്ട് വിലക്കു വാങിയിട്ടില്ല എന്നാണ്.
പണമില്ലാതെ തന്റെ കാമ്പയിൻ പരാജയപ്പെടില്ലെന്നും കിഷോർ പറഞ്ഞു. പാർട്ടിയെ ഇഷ്ടപ്പെടുന്ന അനുഭാവികൾ വെറുതേ യുട്യൂബിൽ കയറി കണ്ടുപോയാൽ പോരാ, എല്ലാവരും ആയിരം രൂപ വച്ച് സംഭാവന ചെയ്യണം. തനിക്ക് ആയിരം രൂപവച്ച് തരാത്ത ഒരു പ്രവർത്തകനെയും സപ്പോർട്ടറെയും താൻ കാണില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

