അഹിന്ദുക്കളുടെ വീടുകൾ സന്ദർശിച്ചാൽ നിങ്ങളുടെ പെൺമക്കളുടെ കാലൊടിക്കണം; വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പ്രഗ്യ സിങ് താക്കൂർ
text_fieldsലഖ്നോ: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ഭോപാൽ മുൻ എം.പിയും ബി.ജെ.പി നേതാവുമായ പ്രഗ്യ സിങ് താക്കൂർ. പെൺമക്കൾ അഹിന്ദുക്കളുടെ വീടുകൾ സന്ദർശിച്ചാൽ അവരുടെ കാലൊടിക്കണമെന്നായിരുന്നു പ്രഗ്യയുടെ പരാമർശം. ഭോപാലിൽ ഈമാസാദ്യം നടന്ന പരിപാടിയിലെ പ്രസംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാതാപിതാക്കളെ പെൺമക്കൾ അനുസരിക്കുന്നില്ല എങ്കിൽ അവരെ ശാരീരികമായി ശിക്ഷിക്കാൻ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
അതിനായി നിങ്ങളുടെ മനസിനെ പാകപ്പെടുത്തണം. നിങ്ങളുടെ മകൾ നിങ്ങളെ അനുസരിക്കുന്നില്ലെങ്കിൽ, അവർ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ അവരുടെ കാലുകൾ തല്ലിയൊടിക്കണം. അതിന് മടികാണിക്കരുത്. നമ്മുടെ മൂല്യങ്ങൾ വിലമതിക്കാത്തവരെയും മാതാപിതാക്കളെ അനുസരിക്കാത്തവരെയും തീർച്ചയായും ശിക്ഷിക്കണം. മക്കളുടെ നൻമ കണക്കിലെടുത്ത് തല്ലേണ്ടി വന്നാൽ അങ്ങനെ ചെയ്യണം. അങ്ങനെ ശിക്ഷിക്കുന്നത് മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. കഷണങ്ങളായി ഛേദിക്കപ്പെട്ട് മരിക്കാൻ അവരെ വിട്ടുകൊടുക്കരുത്''-എന്നാണ് പ്രഗ്യ സിങ് പറഞ്ഞത്.
മൂല്യങ്ങൾ പിന്തുടരാത്തതും മാതാപിതാക്കൾ പറയുന്നത് കേൾക്കാത്തതും മുതിർന്നവരെ ബഹുമാനിക്കാത്തവരും വീട്ടിൽനിന്ന് ഓടിപ്പോകാൻതയാറെടുക്കുന്നവരുമായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. അവരെ വീട് വിടാൻ അനുവദിക്കരുത്. അടിച്ചോ വഴക്കു പറഞ്ഞുമനസിലാക്കിയോ സ്നേഹിച്ചോ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും പ്രഗ്യ ആവശ്യപ്പെട്ടു.
മുമ്പും നിരവധി തവണ ഇത്തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട് പ്രഗ്യ സിങ് താക്കൂർ. എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികളുടെ മൂർച്ച കൂട്ടിവെക്കണമെന്ന് ഒരിക്കൽ അവർ പറഞ്ഞിരുന്നു. ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുക. നിങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുക. നിങ്ങളുടെ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കുക. മറ്റൊന്നുമില്ലെങ്കിൽ കത്തിയെങ്കിലും മൂർച്ച കൂട്ടി വെക്കുക-എന്നായിരുന്നു അവരുടെ പരാമർശം.
മധ്യപ്രദേശിൽ മതപരിവർത്തനം നടത്തിയ ഏഴ് കേസുകളിൽ മാത്രമേ ശിക്ഷാവിധികൾ ഉണ്ടായിട്ടുള്ളൂ എന്നിരിക്കെ എന്തിനാണ് ഇത്രയധികം വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്നായിരുന്നു പ്രഗ്യയുടെ പരാമർശത്തിന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

