ആറ് വയസ്സുകാരന്റെ ചെവി നായ കടിച്ചെടുത്തു; ഉടമ അറസ്റ്റിൽ
text_fieldsകുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരന് നേർക്കുണ്ടായ വളർത്തു നായയുടെ ആക്രമണത്തിൽ കുട്ടിയുടെ ചെവി മുറിഞ്ഞു. ഡൽഹിയിലെ പ്രേനംഗറിലാണ് വീടിന് പുറത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ നായ ആക്രമിച്ചത്. പിറ്റ്ബുൾ ഇനത്തിൽ പെടുന്ന നായ കുട്ടിയെ ആക്രമിക്കുന്നതിന്റെയും പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടി നായയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടിയ പിന്തുടർന്ന നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. തുടർന്ന് നിലത്ത് വീണ കുട്ടിയുടെ ചെവി നായ കടിച്ചു പിടിച്ചു വലിച്ചു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഒരു സ്ത്രീ ഓടി വന്ന് നായയെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നായ വിട്ടില്ല. തുടർന്ന് പിന്നാലെ വന്ന പുരുഷനും സ്ത്രീയും കൂടെ ഏറെ നേരം പരിശ്രമിച്ച ശേഷമാണ് നായയുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷിച്ചത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ രോഹിണിയിലെ ബി.എസ്.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ കുട്ടിയുടെ വലത് ചെവി മുറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച നായ ഇനങ്ങളിൽ പെട്ട ഒന്നാണ് പിറ്റ്ബുൾ. ഇവയെ കൂടാതെ ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‍വീലർ എന്നീ ഇനങ്ങളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്രം നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

