അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും, അതിൽ എന്താണ് സംശയം -എം.എ. ബേബി
text_fieldsമധുര: കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ പിണറായി വിജയൻ നയിക്കുമെന്ന് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി പറഞ്ഞു. നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വഭാവികമായും അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും ബേബി പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമാണ്. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്. കോൺഗ്രസിനോട് നിലവിൽ തുടരുന്ന സമീപനം സി.പി.എം തുടരും. സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും ബേബി വ്യക്തമാക്കി.
ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയുമാണ് മധുരയിൽ നടക്കുന്ന 24ാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു. പി.ബിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴ് പേർ പ്രത്യേക ക്ഷണിതാക്കൾ.
കേന്ദ്ര കമ്മിറ്റിയിൽ പി.ബി അംഗം മുഹമ്മദ് സലീമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിർദ്ദേശിച്ചത്. അശോക് ധാവ്ളെ പിന്താങ്ങി. എം.എ. ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയനാണ് സമ്മേളന നഗരിയിൽ പ്രഖ്യാപിച്ചത്.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലും 2018ൽ ഹൈദരബാദിലും 2022ൽ കണ്ണൂരിലും സീതാറാം യെച്ചൂരിയെ ആയിരുന്നു ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ജനറൽ സെക്രട്ടറിയായ എം.എ. ബേബി സി.പി.എമ്മിന്‍റെ തലപ്പത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

