കോടതി വിധിക്കു പിന്നാലെ തെരഞ്ഞെടുപ്പ് രേഖകളിലേക്കുള്ള പൊതുജന പ്രവേശനം കേന്ദ്രം നിയന്ത്രിച്ചുവെന്ന് പവൻ ഖേര
text_fieldsന്യൂഡൽഹി: ‘രാജ്യത്തെ തെരഞ്ഞെടുപ്പ് വിശ്വാസ പ്രതിസന്ധി’ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തെരഞ്ഞെടുപ്പ് രേഖകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തിയതായി കോൺഗ്രസ് നേതാവ് പവൻ ഖേര. ഹരിയാന തെരഞ്ഞെടുപ്പിലെ സി.സി.ടിവി ദൃശ്യങ്ങളും ഫോം 17 സി രേഖകളും പങ്കിടണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 9 ലെ പഞ്ചാബ്- ഹരിയാന ഹൈകോടതിയിൽ നിന്നുള്ള ഉത്തരവിനു പിന്നാലെയാണ് ഇതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി, മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യവ്യാപകമായി അടുത്തിടെ നടന്ന പാർലമെന്റ്-സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി യന്ത്രങ്ങൾക്ക് വായിക്കാൻ കഴിയുന്ന ഒരു ഫോർമാറ്റിൽ തെരഞ്ഞെടുപ്പ് കമീഷൻ ഏകീകൃത-ഡിജിറ്റൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കുശേഷമാണ് ഇത്.
കോടതി വിധിക്കു പിന്നാലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 93ൽ മാറ്റങ്ങൾ നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തിന് കത്തെഴുതിയെന്നും കോടതി നിർദേശമനുസരിച്ച് ‘ എല്ലാ പേപ്പറുകളും’ പരിശോധിക്കാൻ ജനങ്ങളെ അനുവദിക്കുന്നത് ‘ഭരണഭാരം’ സൃഷ്ടിക്കുമെന്ന് തെരഞ്ഞെടുപ്പ് ബോഡി വാദിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് ‘ഡിസംബർ 20ന് രാത്രി 10.23തോടെ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം ചെയ്തു. ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ പേപ്പറുകളും പൊതു പരിശോധനക്ക് തുറന്നിരിക്കും’ എന്ന വാചകം ‘ഈ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള മറ്റെല്ലാ പേപ്പറുകളും’ എന്നാക്കി പരിമിതപ്പെടുത്തി. ഇതുവഴി പൊതുജനങ്ങളുടെ പ്രവേശനം നിശബ്ദമായി ചുരുട്ടിക്കെട്ടിയെന്നും ഖേര കൂട്ടിച്ചേർത്തു.
പ്രാരംഭ കരടിലെ പദങ്ങളെക്കുറിച്ച് നിയമ ഉദ്യോഗസ്ഥർ ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും ഭേദഗതി അംഗീകരിക്കപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തുവെന്നും വാർത്താ വെബ്‌സൈറ്റായ ‘സ്ക്രോൾ’ പറയുന്നു. ഭേദഗതി ഒരു നിയമപരമായ അവ്യക്തത സൃഷ്ടിച്ചുവെന്നും 1961ൽ സ്ഥാപിതമായ നിയമത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തിയെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
പഴയ നിയമപുസ്തകത്തിൽ ‘വ്യക്തമാക്കിയിട്ടില്ല’ എന്ന നിലയിൽ സി.സി.ടി.വി ദൃശ്യങ്ങൾ വിഡിയോ റെക്കോർഡിങുകൾ, മറ്റ് ഇലക്ട്രോണിക് രേഖകൾ എന്നിവയിലേക്കുള്ള പ്രവേശനം ഭേദഗതി ഫലപ്രദമായി തടയുന്നുവെന്നും അദ്ദേഹം എഴുതി. കോടതി ഉത്തരവിൽനിന്ന് വിജ്ഞാപനത്തിലേക്കുള്ള വേഗത 11 ദിവസത്തിനുള്ളിൽ തന്നെയായി എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

