ആറു ഭീകരരെ യു.എൻ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പാക് നീക്കം
text_fieldsന്യൂഡൽഹി: ആറു ഭീകരരെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ (യു.എൻ.എസ്.സി) നിരീക്ഷണ പട്ടികയിൽ നിന്ന് നീക്കാൻ പാകിസ്താൻ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ മുതർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
യു.എൻ സുരക്ഷാസമിതി തയാറാക്കിയ 130 ഭീകരരുടെ പട്ടികയിൽ 19 പേർ പാകിസ്താനിലുണ്ടെന്ന് ഇംറാൻ ഭരണകൂടം സമ്മതിച്ചിരുന്നു. ഇതിൽ ആറു ഭീകരരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് ശ്രമം. ഭീകരരെ നിരീക്ഷണ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനായി നിരവധി അപേക്ഷകളാണ് പാക് സർക്കാർ സുരക്ഷാ സമിതിക്ക് മുമ്പാകെ സമർപ്പിച്ചത്.
ഭീകരരെ സഹായിക്കുന്നതിന്റെ പേരിൽ പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂണിൽ പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾ വീണ്ടും അവലോകനം ചെയ്യാനിരിക്കെയാണ് പുതിയ നീക്കവുമായി ഇംറാൻ സർക്കാർ രംഗത്തെത്തിയത്.
പാകിസ്താന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ ചൈനയുടെ പിന്തുണയുണ്ടെന്നാണ് ഡൽഹിലെയും ന്യൂയോർക്കിലെയും നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നത്.
മുംബൈ ഭീകരാക്രമണക്കേസിന്റെ ആസൂത്രകനും ലഷ്കറെ ത്വയ്യിബ ഓപറേഷൻ കമാൻഡറുമായ സാഖിയുർറഹ്മാൻ ലഖ്വി ഉൾപ്പെടെ 1800 ഭീകരരെ പാകിസ്താൻ ഭീകരവിരുദ്ധ അതോറിറ്റിയുടെ നിരീക്ഷണ പട്ടികയിൽ നിന്ന് ഈയിടെ നീക്കിയിരുന്നു. 2018ൽ 7600 ആളുകളാണ് പട്ടികയിലുണ്ടായിരുന്നത്. 18 മാസത്തിനിടെ എണ്ണം 3800ൽ താഴെയാക്കി ചുരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
