2020 മുതൽ 2.49 കോടി റേഷൻ കാർഡുകൾ റദ്ദാക്കിയെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 2020 മുതൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2.49 കോടി റേഷൻ കാർഡുകൾ ഇല്ലാതാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇന്ത്യയിൽ നിലവിൽ 2,02,95,2938 റേഷൻ കാർഡുകൾ പ്രചാരത്തിലുണ്ടെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി നിമുബെൻ ജയന്തിഭായ് ബംഭാനിയ പറഞ്ഞു.
നിലവിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ കടകൾ വഴി ഏകദേശം 80 കോടി ആളുകൾക്ക് കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നു. എങ്കിലും ഈ പദ്ധതി പ്രകാരം 0.79 കോടി ഗുണഭോക്താക്കളെ കൂടി തിരിച്ചറിയാനുണ്ട്.
ഡിജിറ്റലൈസേഷൻ ശ്രമങ്ങളുടെ ഫലമായി 2020നും 2025 നും ഇടയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഏകദേശം 2.49 കോടി റേഷൻ കാർഡുകൾ നീക്കം ചെയ്യാൻ കഴിഞ്ഞു. ഇത് ശരിയായ ലക്ഷ്യം ഉറപ്പാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
റേഷൻ കാർഡുകൾ റദ്ദാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഡ്യൂപ്ലിക്കേറ്റുകളുടെ തിരിച്ചറിയൽ, യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾ, ഇ-കെ.വൈ.സി പൊരുത്തക്കേടുകൾ, മരണം, ഗുണഭോക്താക്കളുടെ സ്ഥിരമായ കുടിയേറ്റം എന്നിവ ഉൾപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. റേഷൻ കാർഡുകൾ തെറ്റായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാറിന് പ്രത്യേക റിപ്പോർട്ടുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്നും ബംഭാനിയ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2020ൽ 24,19,451 റേഷൻ കാർഡുകൾ ഇല്ലാതാക്കി. 2021 ൽ 29,02,794; 2022 ൽ 63,80,274; 2023-ൽ 41,99,373 കാർഡുകളും; 2024ൽ 48,85,259 കാർഡുകളും; 2025ൽ ഇതുവരെ 41,41,385 കാർഡുകളും നീക്കം ചെയ്തിട്ടുണ്ട്.
2013ൽ നടപ്പിലാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനം വരെയും നഗര ജനസംഖ്യയുടെ 50 ശതമാനം വരെയും ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം വരും. 2011ലെ സെൻസസ് അനുസരിച്ച് ഇത് ഏകദേശം 81.35 കോടി ഗുണഭോക്താക്കളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

