ലോകത്താകെ നടക്കുന്ന മരണങ്ങളിൽ നൂറിൽ ഒന്ന് ആത്മഹത്യ; 14 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം അനുഭവിക്കുന്നവർ
text_fieldsന്യൂഡൽഹി: ലോകത്താകെ നടക്കുന്ന മരണങ്ങളിൽ നൂറിൽ ഒന്ന് ആത്മഹത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം. 2021 ൽ ലോകത്താകെ ആത്മഹത്യ ചെയ്തത് 7, 27,000 പേരാണ്. 20 ആത്മഹത്യാ ശ്രമങ്ങളിൽ ഒന്ന് മരണമാകുകയും ചെയ്യുന്നു. വേൾഡ് മെൻറൽ ഹെൽത്ത് ടുഡെ, മെൻറൽ ഹെൽത്ത് അറ്റ്ലസ് എന്നീ റിപ്പോർട്ടുകളിലാണ് ലോകാരോഗ്യ സംഘടന പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
അമിത ആകാംഷയും മോഹഭംഗവും കൊണ്ടുള്ള പ്രശ്നങ്ങളാണ് കൂടുതൽ കേസുകളിലും മരണത്തിലേക്ക് നയിക്കുന്നത്. മാനസിക പ്രശ്നങ്ങളിൽ മൂന്നിലൊന്നിലും ഇവയായിരുന്നു കാരണം.
2011 മുതൽ 2021 വരെയുള്ള കാലത്ത് ലോകത്ത് ജനസംഖ്യ വർധിച്ചതിനെക്കാൾ കൂട്ടതലായാണ് മാനസിക പ്രശ്നമുള്ളവരുടെ എണ്ണം വർദ്ധിച്ചത്. വിഷാദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാൾ കൂടുതലാണ് അമിതമായ ഉത്കണ്ഠ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ. പത്ത് വർഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ.
എന്നാൽ 40 വയസ്സ് കഴിഞ്ഞവരിൽ ആശങ്കയെക്കാൾ കൂടുതൽ വിഷാദരോഗമാണ് കണ്ടുവരുന്നത്. 50 നും 65 നും ഇടയിലുള്ളവരിലാണ് ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ചെറുപ്പക്കാരിലെ മരണത്തിൽ മുഖ്യമായത് ആത്മഹത്യയാണെന്നാണ് എല്ലാ രാജ്യങ്ങളുടെയും കണക്കുകൾ സൂചിപ്പിക്കുന്നത്.
മനസിന്റെ ദൗർബല്യം, സാഹചര്യങ്ങളുടെ സമ്മർദ്ദം, സ്ട്രെസ്സ്, ജീവിതാവസ്ഥകൾ, ഒറ്റപ്പെടൽ, മറ്റുള്ളവരുടെ പരിഗണന ഇല്ലായ്മ, സാഹായങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങായ കാരണങ്ങളാണ് ആളുകളെ ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തിലെ ഡോ. പ്രതിമ മൂർത്തി പറയുന്നു.
2021 ലെ കണക്കുപ്രകാരം ലോക ജനസംഖ്യയിലെ 14 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം അനുഭവിക്കുന്നവരാണ്. പുരുഷൻമാരിലാണ് ശ്രദ്ധക്കുറവ് എന്ന മാനസിക പ്രശ്നം, ഹൈപ്പർ ആക്ടിവിറ്റി പ്രശ്നം, ഓട്ടിസം, ബുദ്ധിവികാസത്തിലെ പ്രശ്നം തുടങ്ങിയവയുള്ളതെന്നും പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

