ഓണം: കേരളത്തിന് പ്രത്യേക അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം
text_fieldsകേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയും ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിലും കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂഡൽഹി: ഓണത്തിന് കേരളത്തിന് പ്രത്യേക അരിവിഹിതം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. കൂടുതൽ അരി വേണമെങ്കിൽ കുടുതൽ വില നൽകേണ്ടി വരുമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ- ഭക്ഷ്യ പൊതു വിതരണ മന്ത്രി പ്രൾഹാദ് ജോഷി സംസ്ഥാന ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിലിനെ അറിയിച്ചു. 22 മുതൽ 29 വരെ രൂപയാണ് കൂടുതൽ റേഷൻ അരി നൽകാനുള്ള വിലയായി കേന്ദ്രം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏതു വിധേനയും അരി നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രൾഹാദ് ജോഷിയുടെ അക്ബർ റോഡിലുള്ള ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുൻഗണനേതര കുടുംബങ്ങൾക്ക് ഓണക്കാലത്ത് അധികമായി അഞ്ച് കിലോ അരി അനുവദിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ നിലവിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിനു പുറമേ ലഭിക്കുന്ന പരിമിതമായ ടൈഡോവർ വിഹിതത്തിൽനിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാനം റേഷൻ നൽകുന്നത്.
ഓണംപോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. സാമ്പത്തിക ശേഷിയുള്ള കേരളത്തിലെ ഉപഭോക്താക്കൾക്ക് കൂടുതൽ റേഷൻ അരി ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര മന്ത്രി കൈകൊണ്ടത്. എന്നാൽ, ഉപഭോക്തൃ സംസ്ഥാനവും ഭക്ഷ്യക്കമ്മി സംസ്ഥാനവുമായ കേരളത്തെ സംബന്ധിച്ചിടത്തോളം റേഷൻ ധാന്യത്തിന്റെ ലഭ്യത സാമ്പത്തിക പ്രശ്നം മാത്രമല്ലെന്ന് മന്ത്രി അനിൽ പറഞ്ഞു. കേരളത്തിനു മുമ്പ് ടൈഡോവർ വിഭാഗത്തിൽ അനുവദിച്ച ഗോതമ്പ് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റേഷൻ കടകളിൽ ഗുണഭോക്താക്കളുടെ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞ് അർഹമായ വിഹിതം നൽകുന്ന സാങ്കേതിക ഉപകരണമാണ് ഇ-പോസ് മെഷീൻ അപ്ഗ്രഡേഷന് ജൂൺ 30 വരെ അനുവദിച്ച സമയം സെപ്റ്റംബർ 30 വരെ നീട്ടണമെന്നും ലീഗൽ മെട്രോളജി വകുപ്പിൽ വെയ്ബ്രിജ് വെരിഫിക്കേഷൻ കിറ്റും പുതിയ വാഹനങ്ങളും അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിതരണ വകുപ്പ് ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ സമാപനത്തിന് ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷിയെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ക്രമാനുഗതമായി കുറച്ച് 800ൽ താഴെ കിലോ ലിറ്റർ വരെ എത്തിച്ച കേരളത്തിന്റെ മണ്ണെണ്ണ വിഹിതം സംസ്ഥാന സർക്കാറിന്റെ ആവശ്യപ്രകാരം ഇത്തവണ 5676 കിലോ ലിറ്റർ ആക്കി ഉയർത്തിയിരുന്നുവെന്നും അത് എടുക്കാനുള്ള സമയം ജൂൺ 30ൽ നിന്ന് സെപ്റ്റംബർ 30വരെ ദീർഘിപ്പിക്കണമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയെ കണ്ട് മന്ത്രി അനിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

