‘നൊസ്റ്റാൾജിക്’: മോദിയുടെ കൊൽക്കത്ത മെട്രോ ഉദ്ഘാടനത്തിനിടെ റെയിൽവേ മന്ത്രി എന്ന നിലയിലുള്ള പങ്ക് ഓർത്തും ഓർമിപ്പിച്ചും മമത
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര കൊൽക്കത്തയിൽ മൂന്ന് മെട്രോ സർവിസുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തിയ വേളയിൽ പഴത് പലത് ഓർത്തും ഓർമിപ്പിച്ചും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റെയിൽവേ മന്ത്രിയായിരിക്കെ കൊൽക്കത്ത മെട്രോയുടെ വികസനത്തിന് താൻ നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന പോസ്റ്റ് ‘എക്സി’ൽ അവർ പങ്കുവെച്ചു. കൊൽക്കത്തയിൽ മൂന്ന് മെട്രോ സർവിസുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ മോദി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു.
1999നും 2001നും ഇടയിൽ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ എൻ.ഡി.എ സർക്കാറിലും 2009 മുതൽ 2011 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ കാലത്തുമായി രണ്ടുതവണ റെയിൽവേ വകുപ്പ് വഹിച്ച മമത, കൊൽക്കത്തയിലുടനീളം മെട്രോ വികസന പദ്ധതികളുടെ പരമ്പരക്ക് അനുമതി നൽകിയതായി അവകാശപ്പെട്ടു. ബ്ലൂപ്രിന്റുകൾ വരച്ചതും, ഫണ്ടുകൾ ക്രമീകരിച്ചതും, പ്രവൃത്തികൾ ആരംഭിച്ചതും, നഗരത്തിന്റെ വിവിധ അറ്റങ്ങൾ ഒരു ഇൻട്രാ-സിറ്റി മെട്രോ ഗ്രിഡ് വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതും താനാണെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ അടിസ്ഥാന സൗകര്യ വികസനം ഒരു നീണ്ട യാത്രയായിരുന്നുവെന്ന് പറഞ്ഞ അവർ ‘ഇന്ന് എന്നെ കുറച്ച് ഗൃഹാതുരയാവാൻ അനുവദിക്കൂ’ എന്ന് എഴുതി. ‘ഇന്ത്യൻ റെയിൽവേ മന്ത്രി എന്ന നിലയിൽ കൊൽക്കത്തയിലെ മെട്രോ റെയിൽവേ ഇടനാഴികളുടെ ഒരു പരമ്പര ആസൂത്രണം ചെയ്യുന്നതിനും അനുവദിക്കുന്നതിനും എനിക്കു ഭാഗ്യമുണ്ടായി. ഞാൻ ബ്ലൂപ്രിന്റുകൾ വരക്കുകയും ഫണ്ടുകൾ ക്രമീകരിക്കുകയും പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും നഗരത്തിന്റെ വിവിധ അറ്റങ്ങൾ ഒരു ഇൻട്രാ-സിറ്റി മെട്രോ ഗ്രിഡ് വഴി ബന്ധിപ്പിക്കുകയും ചെയ്തു. ഈ പദ്ധതികളുടെ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് സൗജന്യമായി ഭൂമി നൽകുക, അപ്രോച്ച് റോഡുകൾ നിർമിക്കുക, കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, ഭരണപരമായ തടസ്സങ്ങൾ നീക്കം ചെയ്യുക എന്നിവയായിരുന്നു തന്റെ പങ്കെന്നും അവർ പറഞ്ഞു.
‘പിന്നീട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എന്ന നിലയിൽ പദ്ധതികളുടെ നിർവഹണത്തിന്റെ ഭാഗാമാവാനുള്ള അധിക പദവി എനിക്ക് ലഭിച്ചു. സംസ്ഥാനത്തുനിന്ന് സൗജന്യമായി ഭൂമി നൽകി, റോഡുകൾ നിർമിച്ചു, കുടിയിറക്കപ്പെട്ടവരുടെ പുനഃരധിവാസം ക്രമീകരിച്ചു, തടസ്സങ്ങൾ നീക്കി, പദ്ധതികൾ നടപ്പിലാക്കുന്നതിൽ എല്ലാ സഹായവും ഉറപ്പാക്കി. നിർവഹണ ഏജൻസികളുടെ സംയോജനം ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ ചീഫ് സെക്രട്ടറിമാർ തുടർച്ചയായി നിരവധി ഏകോപന യോഗങ്ങൾ നടത്തി. റെയിൽവേ മന്ത്രി എന്ന നിലയിൽ ആസൂത്രണ നിർവഹണത്തിൽ പങ്കെടുത്ത് പൂർത്തീകരിച്ചു’വെന്നും ബംഗാൾ മുഖ്യമന്ത്രി എഴുതി.
കാവി ഭരണകൂടത്തിന്റെ ബംഗാളികളോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ചും റെയിൽവേയുടെ ക്ഷണം വകവെക്കാതെയും പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി ബാനർജി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി തൃണമൂൽ കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പങ്കെടുത്താൽ ബി.ജെ.പി പതിവുപോലെ അവരെ അപമാനിക്കാനുള്ള ശ്രമം നടത്തുമെന്ന് ആശങ്കയുണ്ടെന്ന് തൃണമൂൽ വൃത്തങ്ങൾ പറയുകയുണ്ടായി. മുമ്പ് രണ്ടുതവണ ഇത് സംഭവിച്ചിട്ടുണ്ട്.
‘ഈ പദ്ധതികളെല്ലാം മമതയല്ലാതെ മറ്റാരുമല്ല കൊണ്ടുവന്നത്. അവർ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെയാണ് ആസൂത്രണം ചെയ്തതും ധനസഹായം നൽകിയതും. വർഷങ്ങളുടെ മന്ദഗതിയിലുള്ള പുരോഗതിക്ക് ശേഷം, 2026ലെ തെരഞ്ഞെടുപ്പിനു മുമ്പ് അവരുടെ അംഗീകാരം നേടുന്നതിനായി ബി.ജെ.പി ഇപ്പോൾ ഉദ്ഘാടനം ചെയ്യാൻ തിടുക്കം കൂട്ടുന്നു’വെന്നും വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

