നോയിഡയിൽ നൂഡിൽസ് കഴിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഭക്ഷണത്തിൽ വിഷം കലർത്തിയത് പിതാവ്?
text_fieldsനോയിഡ: ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് പിഞ്ചുമക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്ന് കുട്ടികൾക്കും ഭാര്യക്കും ഭക്ഷണത്തിൽ വിഷം നൽകിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിൽ മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ മിഷ്ടി (7), ലഡ്ഡു (11), സാക്ഷാത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഒരു മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക മേളയിൽ പോയി മടങ്ങിയെത്തിയ കുടുംബം രാത്രി ഭക്ഷണമായി കഴിച്ച നൂഡിൽസിൽ മഹേഷ് വിഷം കലർത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
സഹോദരിമാർക്കെതിരെ ശബ്ദസന്ദേശം; മൂന്നുപേർ കസ്റ്റഡിയിൽ
മഹേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ ഒരു ശബ്ദസന്ദേശം പൊലീസ് കണ്ടെടുത്തു. തങ്ങളുടെ കൂട്ടമരണത്തിന് ഉത്തരവാദികൾ രണ്ട് സഹോദരിമാരും ഒരു ഭാര്യാസഹോദരനുമാണെന്ന് മഹേഷ് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മഹേഷിന്റെ രണ്ട് സഹോദരിമാരെയും ഭാര്യാസഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കുടുംബ സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന തർക്കങ്ങളാണ് കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചതെന്ന് മഹേഷിന്റെ ബന്ധുവായ നീരജ് വെളിപ്പെടുത്തി. ഭർത്താവിന്റെ മരണശേഷം തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും, പിന്നീട് എല്ലാവരും ഒരുമിച്ച് ജീവിക്കാമെന്ന് മഹേഷ് തനിക്ക് ഉറപ്പ് നൽകിയിരുന്നതായും നീരജ് പറഞ്ഞു.
ഭക്ഷ്യവിഷബാധയല്ല; രാസവിഷം ഉള്ളിൽ ചെന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യവിഷബാധയെന്ന വാദം തള്ളി:
കാലഹരണപ്പെട്ട ഭക്ഷണമില്ല: സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ നൂഡിൽസിന്റെ പാക്കറ്റുകളോ മറ്റ് ഭക്ഷ്യസാധനങ്ങളോ കാലാവധി കഴിഞ്ഞവയായിരുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ.പി. സിംഗ് വ്യക്തമാക്കി.
രോഗലക്ഷണങ്ങളില്ല: ഭക്ഷ്യവിഷബാധയുണ്ടായാൽ സാധാരണയായി കണ്ടുവരുന്ന ഛർദ്ദിയോ വയറിളക്കമോ ആർക്കും ഉണ്ടായിരുന്നതായി കണ്ടെത്താനായിട്ടില്ല.
നുരയും പതയും: ഒരു കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ അറിയിച്ചു.
മാരകമായ എന്തോ വിഷവസ്തു ഭക്ഷണത്തിൽ നേരിട്ട് കലർത്തിയതാണ് മരണകാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

