വന്ദേമാതരം മുഴുവനായി ചൊല്ലുന്നതിൽ തെറ്റില്ല, വിവാദമാക്കേണ്ട-ജയറാം രമേശ്
text_fieldsജയറാം രമേശ് (ഫയൽ)
ന്യൂഡൽഹി: ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ‘വന്ദേമാതരം’പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. ഈ വിഷയത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും, ഗാനം മുഴുവനായി ചൊല്ലുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുൻകാലങ്ങളിൽ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിനിടയിൽ സോണിയ ഗാന്ധി വന്ദേമാതരം പൂർണമായി ആലാപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകളെ ജയറാം രമേശ് പൂർണ്ണമായും തള്ളിക്കളഞ്ഞു. മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാനാണ് സോണിയ ഗാന്ധി ആ സമയത്ത് ശ്രമിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. പാർട്ടിയുടെ കാഴ്ചപാടിൽനിന്ന് വ്യത്യസ്തമായി ഗാനം പൂർണമായി ആലപിക്കപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ നേതാക്കളുടെ ഭാഗത്തുനിന്നും അസ്വസ്ഥതകൾ ഉണ്ടായെന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വന്ദേമാതരം അതിന്റെ പൂർണ രൂപത്തിലോ ഔദ്യോഗിക രീതിയിലോ കർശനമായി പാലിക്കപ്പെടണമെന്നാണ് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന ആവശ്യം. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഗാനം ചുരുക്കിയതെന്നാണ് എതിർപക്ഷത്തിന്റെ പ്രധാന ആരോപണം.
മറുവശത്ത്, ദേശസ്നേഹത്തെ അതീവ ബഹുമാനത്തോടെ കാണുമ്പോഴും അത് നിർബന്ധപൂർവ്വം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ. തൊഴിലില്ലായ്മ, വിലക്കയറ്റം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാൻ ഭരണകൂടങ്ങൾ ബോധപൂർവ്വം ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും പാർട്ടി നേതൃത്വം ആരോപിക്കുന്നു. രാജ്യത്ത് വന്ദേമാതരവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടയിലാണ് ജയറാം രമേശിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

