കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചു; നേതൃത്വം വെട്ടിലായി
text_fieldsകോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽനിന്ന്
ന്യൂഡൽഹി: പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സംഭവം.
ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപ്പിക്കപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതി എന്നതായിരുന്നു കോൺഗ്രസിന്റെ ദീർഘകാല നിലപാട്. എന്നാൽ, സേവാദൾ നേതൃത്വത്തിൽ നടന്ന ആലാപനത്തിനിടയിൽ നേതാക്കൾ ഇടപെട്ടിട്ടും ഗാനം പൂർണ്ണമായി പാടുകയായിരുന്നു.
സേവാദളാണ് എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങളുടെ ചുമതല വഹിച്ചിരുന്നത്. പുതിയ സേവാദൾ ദേശീയ അധ്യക്ഷൻ വി.ബി ശ്രീനിവാസ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അജയ് മാക്കൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യസമരകാലം മുതൽ തന്നെ വന്ദേമാതരത്തിലെ ചില വരികൾ ഒഴിവാക്കണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ എഐസിസി ആസ്ഥാനത്ത് ഗാനം മുഴുവനായി ആലപിച്ച സംഭവത്തെ വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. മുഴുവൻ ചൊല്ലിയാൽ പ്രശ്നമില്ലെന്നും ഇത് പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വന്ദേമാതരം പൂർണമായി അല്ലെങ്കിൽ അതിന്റെ നിർദ്ദിഷ്ട രീതികൾ കർശനമായി പാലിക്കപ്പെടണം എന്ന വാദം ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ശക്തമായി ഉന്നയിക്കാറുണ്ട്. കോൺഗ്രസ് കാലത്ത് രാഷ്ട്രീയ പ്രീണനം കാരണമാണ് ഗാനം ചുരുക്കിയതെന്നാണ് പ്രധാന എതിർപക്ഷ ആരോപണം.
വന്ദേമാതരത്തെ അതീവ ദേശസ്നേഹത്തോടെയാണ് കാണുന്നതെങ്കിലും, ദേശസ്നേഹം നിർബന്ധപൂർവ്വം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഭരണകൂടങ്ങൾ ഇത്തരം വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണെന്നാണ് കോൺഗ്രസിന്റെ പ്രധാന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

