Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുകപരിശോധന...

പുകപരിശോധന രേഖയില്ലെങ്കിൽ ഇന്ധനവുമില്ല; കടുത്ത തീരുമാനവുമായി ഡൽഹി മുഖ്യമന്ത്രി

text_fields
bookmark_border
Rekha Gupta
cancel

ന്യൂഡൽഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി) ഇല്ലെങ്കിൽ ഇനിമുതൽ ഡൽഹിയിൽ വാഹനങ്ങൾക്ക് പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹിയിലെ വാഹനങ്ങളിൽനിന്നുള്ള മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

‘വായു മലിനീകരണം നേരിടുന്നതിന് ഉറച്ചതും ഫലപ്രദവുമായ ഇടപെടലുകൾ ആവശ്യമാണ്. ഈ തീരുമാനം അതിനുവേണ്ടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ്. ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സർക്കാരിനുണ്ട്’ രേഖ ഗുപ്ത പറഞ്ഞു.

1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കം. രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം എല്ലാ വാഹനങ്ങൾക്കും സാധുവായ പി.യു.സി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്. മലിനീകരണ തോത് ഉയരുന്നതിന് കാരണമാകുന്ന തരത്തിൽ സർട്ടിഫിക്കേഷൻ ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഇപ്പോഴും ഡൽഹിയിൽ കൂടുന്നതായാണ് കണക്കുകൾ. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ പിഴയും പിടിച്ചെടുക്കലും ഉൾപ്പെടെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് പരിഷ്കരിച്ച ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിലുണ്ട്. പുതിയ ഉത്തരവ് പ്രകാരം സാധുവായ പി.യു.സി സർട്ടിഫിക്കറ്റുകൾ ഉള്ള വാഹനങ്ങൾക്ക് മാത്രമേ ഇന്ധനം വിതരണം ചെയ്യൂ. എല്ലാ ഇന്ധന സ്റ്റേഷനുകളും കർശനമായ ഈ ഉത്തരവ് പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഗതാഗത വകുപ്പ്, ഭക്ഷ്യ വിതരണ വകുപ്പ്, മുനിസിപ്പൽ കോർപറേഷൻ, ഡൽഹി ട്രാഫിക് പൊലീസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികളെയാണ് ഈ ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. മലിനീകരണം ചെറുക്കുന്നതിനുള്ള ഈ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi CMfuelDelhiPUC certificateRekha Gupta
News Summary - No fuel for vehicles without valid PUC certificate in Delhi CM Rekha Gupta
Next Story