Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നോ ഡീൽ’ -വാങ്ചുക്...

‘നോ ഡീൽ’ -വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിന്റെ യഥാർഥ കാരണം ഇതാണ്...

text_fields
bookmark_border
‘നോ ഡീൽ’ -വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിന്റെ യഥാർഥ കാരണം ഇതാണ്...
cancel
camera_alt

സോനം വാങ്ചുക്

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് താൻ 26 ദിവസമായി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കേന്ദ്രസർക്കാറുമായി യാതൊരു രഹസ്യ ധാരണയും ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാർക്കെതിരെ ലഡാക്കിൽ നടന്നതുപോലുള്ള കടുത്ത നടപടികൾ ഭയന്നാണ് നിരാഹാര സമരം നിർത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ച യൂട്യൂബിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രാത്രി ഏകദേശം അർധരാത്രിയോടെയാണ് മന്ത്രിമാർ രേഖാമൂലമുള്ള ഉറപ്പ് നൽകാൻ തയാറായതായി അറിയിച്ചത്. ഡൽഹിയിലെ സാഹചര്യം വളരെ സംഘർഷഭരിതമായിരുന്നു. വലിയതോതിലുള്ള അടിച്ചമർത്തൽ നടപടികൾ ഉണ്ടാകുമെന്ന ആശങ്കയുമുണ്ടായി. 2025 സെപ്റ്റംബർ 24ന് ലഡാക്കിലെ യുവാക്കൾക്കെതിരെ പൊലീസും സി.ആർ.പി.എഫും നടത്തിയ വെടിവെപ്പ് ഓർമ വന്നു. അതുപോലൊരു സംഭവം ഡൽഹിയിലും ആവർത്തിക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. ഞാൻ നിരാഹാരം അവസാനിപ്പിച്ച് സമാധാനത്തിനായി ആഹ്വാനം ചെയ്താൽ സ്ഥിതി ശാന്തമാകുമെന്ന് കരുതി’ -അദ്ദേഹം പറഞ്ഞു.

സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നേരെ അക്രമമോ നിയമനടപടികളോ ഉണ്ടാകാതിരിക്കുക എന്നതും തന്റെ തീരുമാനത്തിന് കാരണമായി. എന്നാൽ, സർക്കാറുമായി ധാരണയിലെത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ചു. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ നിരാഹാരം അവസാനിപ്പിച്ചതിനെ വിമർശിക്കുന്നവർ അന്നത്തെ യഥാർഥ സാഹചര്യങ്ങൾ മനസ്സിലാക്കാത്തവരാണെന്നും വാങ്ചുക് പ്രതികരിച്ചു.

‘എനിക്ക് സർക്കാറുമായി ധാരണയിലെത്താനായിരുന്നു ഉദ്ദേശമെങ്കിൽ 26 ദിവസം പട്ടിണി കിടക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഡൽഹിയിലെ കടുത്ത ചൂടിൽ നിരാഹാരം അനുഷ്ഠിക്കുന്നതിനുപകരം എ.സി മുറിയിൽ ഇരുന്ന് തന്നെ അത് ചെയ്യാമായിരുന്നില്ലേ?’ -അദ്ദേഹം ചോദിച്ചു.

കേന്ദ്രവുമായി നടത്തിയ ചർച്ചകൾക്കിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം താൻ ഉന്നയിച്ചിട്ടില്ല. അതേസമയം, മറ്റു ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ രേഖാമൂലമുള്ള ഉറപ്പ് നൽകിയിരുന്നു. പ്രതിഷേധക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക എന്ന ഉറപ്പ് നേടുന്നതിനായിരുന്നു മുൻഗണന. എന്നാൽ, ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ട സാഹചര്യമാണ് മുന്നിൽ കാണുന്നത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് സമരവേദിയിൽ നിന്ന് ജൂലൈ 18ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയശേഷം തന്നെ ഒരു തടവുകാരനെപ്പോലെയാണ് പരിഗണിച്ചത്. സ്വതന്ത്രമായി സഞ്ചരിക്കാനോ സന്ദർശകരെ കാണാനോ അനുവദിച്ചില്ല. മൊബൈൽ ഫോണും ലാപ്ടോപ്പും കൈവശം വെക്കാനും അനുവാദമുണ്ടായിരുന്നില്ല.

‘അത് ഉത്തര കൊറിയയിലെ സാഹചര്യം പോലെയായിരുന്നു. ഡൽഹി ഹൈകോടതി മെദാന്ത ആശുപത്രിയിലേക്ക് മാറാൻ അനുമതി നൽകിയ ശേഷവും മണിക്കൂറുകളോളം സഫ്ദർജങ് ആശുപത്രി വിടാൻ അനുവദിച്ചില്ല.’ -വാങ്ചുക് ആരോപിച്ചു.

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും മെദാന്ത ആശുപത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തിയപ്പോൾ ചർച്ച ചെയ്ത കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലാണെന്നാണ് മന്ത്രിമാർ പറഞ്ഞത്. പരീക്ഷാ സംവിധാനത്തിലെ നടത്തിപ്പിനെക്കുറിച്ച് പാർലമെന്റിൽ വിശദ ചർച്ച നടത്തുന്നതിനും അനുകൂല പ്രതികരണമുണ്ടായി.

എന്നാൽ, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിയമനടപടികളോ എഫ്.ഐ.ആറുകളോ രജിസ്റ്റർ ചെയ്യില്ലെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന കാര്യത്തിൽ താൻ ഉറച്ചുനിന്നു. ഒടുവിൽ മന്ത്രിമാർ അത് അംഗീകരിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികളെ സംരക്ഷിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യം. ധർമേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കുക എന്നത് വ്യക്തിപരമായ ലക്ഷ്യമായിരുന്നില്ല. എന്നാൽ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരും.

എം.പിമാരുടെയും സി.ജെ.പി നേതാക്കളുടെയും ലഡാക്ക് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നിരാഹാരം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, മന്ത്രിമാർ എത്തുന്നതിന് മുമ്പ് അവരിൽ പലർക്കും തന്നെ കാണാൻ അനുമതി ലഭിച്ചില്ല. സഹപ്രവർത്തകരും വിദ്യാർഥികളും പിന്തുണ അറിയിക്കാൻ എത്തിയ എം.പിമാരും നിരാഹാരം അവസാനിപ്പിക്കുന്ന സമയത്ത് ഒപ്പമുണ്ടാകാതിരുന്നതിൽ വലിയ വിഷമമുണ്ടെന്നും വാങ്ചുക് പറഞ്ഞു.

കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. കോക്രോച്ച് ജനത പാർട്ടി നയിച്ച പ്രക്ഷോഭത്തിൽ പങ്കുചേർന്ന ജൂൺ 28 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikeSonam WangchukCentral Govt.DelhiCJP Protest
Next Story