Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അന്ന് ഞങ്ങളെ പാറ്റകൾ...

‘അന്ന് ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചില്ലായിരുന്നെങ്കിൽ ഈ പ്രക്ഷോഭമേ ഉണ്ടാകുമായിരുന്നില്ല’; ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്‌കെ

text_fields
bookmark_border
‘അന്ന് ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചില്ലായിരുന്നെങ്കിൽ ഈ പ്രക്ഷോഭമേ ഉണ്ടാകുമായിരുന്നില്ല’; ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്‌കെ
cancel

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെ, പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് താൻ നന്ദി പറയുകയാണെന്നും, അന്ന് അദ്ദേഹം തങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയോ രാജ്യത്തെ ഇളക്കിമറിച്ച ഈ സമരം ആരംഭിക്കുകയോ ഇല്ലായിരുന്നുവെന്ന് ദിപ്‌കെ പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോടും അനുകൂലികളോടും സംസാരിക്കവെയാണ്, സോഷ്യൽ മീഡിയയിലൂടെ തുടങ്ങി ഒടുവിൽ കേന്ദ്ര മന്ത്രിയുടെ രാജിയിൽ വരെയെത്തിയ ഈ പ്രക്ഷോഭത്തിന്റെ തുടക്കത്തെക്കുറിച്ച് അദ്ദേഹം ഓർമപ്പെടുത്തിയത്.

കഴിഞ്ഞ മെയ് 15നാണ് സുപ്രീം കോടതിയിൽ സീനിയർ അഡ്വക്കേറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ഭാഗത്തുനിന്ന് ആ വൻ വിവാദ പരാമർശമുണ്ടാകുന്നത്. ‘തൊഴിലൊന്നും ലഭിക്കാത്ത, അഭിഭാഷക വൃത്തിയിൽ യാതൊരു സ്ഥാനവുമില്ലാത്ത പാറ്റകളെപ്പോലെയുള്ള കുറേ ചെറുപ്പക്കാരുണ്ട്’ എന്നാണ് സി.ജെ.ഐ സൂര്യ കാന്ത് അന്ന് സുപ്രീം കോടതിയിൽ പറഞ്ഞത്.

ഈ പ്രസ്താവന കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ പടരുകയും രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളിലും യുവാക്കളിലും കടുത്ത അമർഷവും നിരാശയും ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ പരാമർശം വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നുവെന്നും, മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും, യുവജന മനസ്സിന് ഏറ്റ മുറിവ് ആ വരികൾ കൊണ്ട് മാഞ്ഞുപോയിരുന്നില്ല.

സി.ജെ.ഐയുടെ പരാമർശത്തിനെതിരെ ശക്തമായ ഭാഷയിലാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് അമേരിക്കയിലെ ബോസ്റ്റണിൽ ഉപരിപഠനം നടത്തിയിരുന്ന അഭിജീത് ദിപ്‌കെയുടെ പ്രതികരണമായിരുന്നു. മുൻപ് ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള അദ്ദേഹം മെയ് 16ന് എക്സിൽ ഒരു പരിഹാസ രൂപേണയുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിലൂടെയാണ് അദ്ദേഹം ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു വേദി എന്ന രീതിയിലായിരുന്നു ആ പോസ്റ്റ്.

വെറുമൊരു സോഷ്യൽ മീഡിയ ട്രോൾ ആയി മാഞ്ഞുപോകുമായിരുന്ന ഈ കൂട്ടായ്മ, നീറ്റ്-യുജി പരീക്ഷാ ചോർച്ച പുറത്തുവന്നതോടെ കൂടുതൽ ഗൗരവമുള്ളൊരു സമരമാക്കി മാറ്റാൻ ദിപ്‌കെ തീരുമാനിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ച കാരണം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ സി.ജെ.പി എന്ന തമാശ പ്രസ്ഥാനത്തെ അനീതിക്കെതിരെയുള്ള ശക്തമായ വിദ്യാർഥി ശബ്ദമാക്കി മാറ്റാൻ അദ്ദേഹം നിശ്ചയിച്ചു. ഇതിനായി ജൂൺ ആദ്യവാരം തന്നെ അമേരിക്കയിലെ പഠനം മാറ്റിവെച്ച് അഭിജീത് ദിപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും, ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നേരിട്ടെത്തി സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു.

‘ഒരു തമാശയായി തുടങ്ങിയ പ്രസ്ഥാനമായിരുന്നിരിക്കാം ഇത്. എന്നാൽ നമ്മുടെ ഭരണാധികാരികളും വ്യവസ്ഥിതിയും ഇന്ത്യയിലെ ചെറുപ്പക്കാരുടെ നിരാശയെയും തൊഴിലില്ലായ്മയെയും പരിഹസിക്കുമ്പോൾ, അതേ പരിഹാസത്തെത്തന്നെ ഞങ്ങളുടെ ഏറ്റവും വലിയ ആയുധമാക്കി മാറ്റുകയായിരുന്നു നമ്മൾ ചെയ്തത്’ അന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു.

35 ദിവസം നീണ്ടുനിന്ന ശക്തമായ സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നിർബന്ധിതനായത്. തങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ച് കളിയാക്കിയ വ്യവസ്ഥിതിക്ക് മുന്നിൽ, അതേ 'പാറ്റപ്പട' തന്നെ രാജ്യത്തെ ഇളക്കിമറിച്ച് കേന്ദ്ര മന്ത്രിയുടെ രാജി വാങ്ങിയെടുത്തത് ഇന്ത്യൻ പ്രക്ഷോഭ ചരിത്രത്തിലെ അപൂർവ്വ അധ്യായമായി മാറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanresignationNEET paper leakJustice Surya KantCockroach Janata PartyAbhijeet DipkeCJP Protest
News Summary - No Cockroach Remark, No Protest: CJP Leader Thanks CJI
Next Story