നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ജെ.ഡി.യു; വിജയത്തിനു പിന്നാലെ പങ്കുവെച്ച പോസ്റ്റ് ഉടൻ മുക്കി; ആരാകും മുഖ്യമന്ത്രി...?
text_fieldsബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയും, മുഖ്യമന്ത്രി നിതീഷ് കുമാറും. ഇൻസെറ്റിൽ ജെ.ഡി.യു നീക്കം ചെയ്ത പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്
പട്ന: ബിഹാറിൽ ജെ.ഡി.യു-ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ മുന്നണി വൻ വിജയം നേടിയതിനു പിന്നാലെ ആരാണ് മുഖ്യമന്ത്രിയെന്ന ചർച്ചകളും സജീവം. നിതീഷ് കുമാറിനു കീഴിൽ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോഴും ആരാകും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയായിരുന്നു ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രതിപക്ഷത്തിന്റെയും കണക്കു കൂട്ടലുകളും എക്സിറ്റ് പോൾ പ്രവചനങ്ങളും കാറ്റിൽപറത്തികൊണ്ട് ഡബ്ൾ സെഞ്ച്വറി സീറ്റുപ്പിച്ച് എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമ്പോൾ ആരാണ് മുഖ്യമന്ത്രിയെന്ന ചോദ്യം രാവിലെ എണ്ണിത്തുടങ്ങുമ്പോൾ തന്നെ ഉയർന്നു തുടങ്ങി. ബിഹാറിലെ കരുത്തനായ നായകൻ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വാർത്തകൾ വരുന്നതിനിടെ ജനതാദൾ യുനൈറ്റഡ് ഔദ്യോഗിക ‘എക്സ്’ പേജിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ച. വോട്ട് എണ്ണിത്തുടങ്ങി കാറ്റിന്റെ ഗതി ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു നിതീഷ് കുമാറിനെ ബിഹാറിന്റെ മുഖ്യമന്ത്രിയായി ഉയർത്തികാട്ടിയുള്ള പോസ്റ്റ് ജെ.ഡി.യു പേജിൽ പങ്കുവെച്ചത്.
‘അഭൂതപൂർവവും സമാനതകളില്ലാത്തതും. നിതീഷ് കുമാർ ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു, ഇപ്പോഴുമുണ്ട്, തുടരും...’ എന്നായിരുന്നു നിതീഷിന്റെ ചിത്രവുമായി എക്സ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് അപ്രത്യക്ഷമായി.
നിതീഷാണ് മുഖ്യമന്ത്രി എന്നുള്ള പോസ്റ്റിന്റെ വരവും പോക്കുമായി തെരഞ്ഞെടുപ്പ് ഫലം വന്ന പകലിൽ ദേശീയ ശ്രദ്ധനേടിയ ചർച്ച. മുഖ്യമന്ത്രി കസേരയിൽ മാറ്റമുണ്ടാകുമോ എന്ന അഭ്യൂഹങ്ങൾക്കും ജെ.ഡി.യുവിന്റെ പോസ്റ്റ് മുക്കൽ വഴിവെച്ചു.
20 വർഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നിതീഷ് താൻ ഇപ്പോൾ ശക്തനാണെന്ന് തെളിയിക്കുന്ന പ്രകടനവുമായി തിളങ്ങിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം തുടരാനുള്ള അവകാശവാദമുന്നയിക്കുകയാണെന്നും വിലയിരുത്തുന്നു. അതേസമയം, 92 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പി, 85 സീറ്റുള്ള ജെ.ഡി.യുവിന് മുകളിൽ ശക്തമായി പിടിമുറുക്കുന്നതാണോ എന്നും സൂചനകളുയരുന്നു.
മഹാരാഷ്ട്ര മാതൃക ബിഹാറിലും സംഭവിക്കുമോ എന്ന ചർച്ചയും വെള്ളിയാഴ്ച പകലിൽ സജീവമാണ്. 2024ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശിവസേനയുടെ ഏക്നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി, ഫലത്തിൽ ആധിപത്യം നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ കൊണ്ടുവരികയാണ്. സമാനമായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഇപ്പോൾ ബിഹാറിലും ഉയർന്നിരിക്കുന്നത്.
ബി.ജെ.പിയുടെ ബിഹാറിലെ മുഖമായ ഉപമുഖ്യമന്ത്രി സാമ്രാട് ചൗധരിയാണ് ശക്തമായ പേരുകളിലൊന്ന്. അതേസമയം, 20 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായ (ചെറിയ ഇടവേള ഒഴിച്ചുനിർത്തിയാൽ) നിതീഷ് കുമാറിനെ നീക്കൽ ബി.ജെ.പിക്കും വെല്ലുവിളിയാണ്. എൻ.ഡി.എയുടെ വൻ വിജയത്തിനു പിന്നിൽ നിതീഷിന്റെ ജനകീയതയും പ്രധാന ഘടകമാണെന്ന് ബി.ജെ.പിക്കും ബോധ്യമുള്ള കാര്യമാണ്. മാത്രമല്ല, ഏത് മുന്നണിയുമായി അടുക്കാനും സാധ്യതയുള്ള കക്ഷി എന്ന നിലയിൽ നിതീഷിനെ പ്രകോപിപ്പിക്കുന്ന നീക്കം ബി.ജെ.പിയിൽ നിന്നുണ്ടാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് വിധി വന്നതിനു പിന്നാലെ, നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാവ് രാം കൃപാൽ യാദവ് വ്യക്തമാക്കി. നതീഷാണ് മുഖ്യമന്ത്രിയെന്നതിൽ സംശയമില്ലെന്നായിരുന്നു ലോക് ജനശക്തി പാർട്ടി എം.പി സംഭവി ചൗധരിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

