ബിഹാറിൽ വീണ്ടും എൻ.ഡി.എ അധികാരത്തിലേക്ക്; ചരിത്രത്തിലെ രണ്ടാമത്തെ മോശം പ്രകടനവുമായി ആർ.ജെ.ഡി
text_fieldsപട്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഭരണകക്ഷിയായ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് വ്യക്തം. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 207 സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറുന്നത്. 94 സീറ്റുകളിൽ ലീഡുയർത്തുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 81 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മുന്നണിയിലെ മറ്റ് പ്രധാന പാർട്ടികളായ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പി 22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.
പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം 28 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 24 സീറ്റുകളിൽ ആർ.ജെ.ഡി മുന്നേറുമ്പോൾ കോൺഗ്രസ് പാർട്ടികൾ രണ്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരിടത്തും ലീഡ് ചെയ്യാനാകുന്നില്ല. തുടക്കത്തിൽ നാല് സീറ്റുകളിൽ വരെ മുന്നേറിയ ശേഷം പിന്നാക്കം പോകുകയായിരുന്നു. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും ബി.ജെ.പി സ്ഥാനാർഥിക്ക് പിന്നിലാണ്.
2020ലെ സീറ്റുനില
- ബി.ജെ.പി 74
- ജെ.ഡി.യു 43
- ആർ.ജെ.ഡി 75
- എൽ.ജെ.പി 1
- എ.ഐ.എം.ഐ.എം 5
- എച്ച്.എ.എം 1
- കോൺഗ്രസ് 19
- സി.പി.ഐ (എം.എൽ) 12
- സി.പി.എം 2
- ബി.എസ്.പി 1
- വി.ഐ.പി 4
- സി.പി.ഐ 2
- മറ്റുള്ളവർ 4
ഇത്തവണത്തെ അന്തിമ കക്ഷിനില വൈകാതെ വ്യക്തമാകും.
Live Updates
- 14 Nov 2025 5:08 PM IST
വികസന പ്രവർത്തനങ്ങളാണ് വോട്ടായതെന്ന് ഗഡ്കരി
ഇരട്ട എൻജിൻ സർക്കാർ ബിഹാറിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളാണ് വോട്ടായത് –കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി.
- 14 Nov 2025 4:24 PM IST
തിരിച്ചടി പരിശോധിക്കുമെന്ന് ജൻ സുരാജ്
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് ജൻ സുരാജ് പാർട്ടി. നിലവിൽ ഒരു സീറ്റിൽ പോലും പാർട്ടിക്ക് മുന്നേറ്റമില്ല.
- 14 Nov 2025 4:22 PM IST
ഫലം നിരാശാജനകമെന്ന് ശശി തരൂർ
ബിഹാർ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ശശി തരൂർ എംപി. ഗൗരവമായ ആത്മപരിശോധന നടത്തണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
- 14 Nov 2025 4:21 PM IST
പാടെ തകർന്ന് കോൺഗ്രസ്
കോൺഗ്രസ് പാടെ തകർന്ന് നാല് സീറ്റിൽ മാത്രമായി. എൻ.ഡി.എക്ക് ഒപ്പമുള്ള എൽ.ജെ.പി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്. ഇടതുകക്ഷികൾക്കും വലിയ തിരിച്ചടിയാണ്. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി പ്രകടനത്തിൽ പാടെ പിന്നിലായി.
- 14 Nov 2025 4:20 PM IST
ബി.ജെ.പി വലിയ ഒറ്റക്കക്ഷി
95 സീറ്റുമായി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെ.ഡി.യു 84 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർ.ജെ.ഡി 25 സീറ്റിൽ ഒതുങ്ങി.
- 14 Nov 2025 4:19 PM IST
എക്സിറ്റ് പോളുകൾ മറികടന്ന് എൻ.ഡി.എ
എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എൻ.ഡി.എയുടെ തേരോട്ടം. നിലവിൽ 207 സീറ്റിലാണ് എൻ.ഡി.എ ജയത്തിലേക്ക് നീങ്ങുന്നത്. പ്രതിപക്ഷ സഖ്യത്തിന് വെറും 29 സീറ്റ് മാത്രമാണുള്ളത്.
- 14 Nov 2025 2:51 PM IST
നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് പത്താം തവണ
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തുടര്‍ച്ച നേടിയപ്പോള്‍, പത്താം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് കടക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


