ബിഹാറിലെ വോട്ടർപട്ടിക തീവ്രപരിശോധന; ഹരജികൾ വ്യാഴാഴ്ച കേൾക്കും
text_fieldsന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിൽ പേര് നില നിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ പൗരത്വ രേഖകൾ ആവശ്യപ്പെട്ടതിനെതിരെ സമർപ്പിച്ച ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ‘വോട്ട് ബന്ദി’ എന്ന വിമർശനം നേരിടുന്ന വോട്ടർപട്ടിക തീവ്ര പരിശോധനക്കെതിരായ ഹരജികൾ വ്യാഴാഴ്ച കേൾക്കാമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധുലിയ,ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ്, ആർ.ജെ.ഡി എം.പി മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, യോഗേന്ദ്ര യാദവ്, എന്നിവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി, ഗോപാൽ ശങ്കര നാരായണൻ, ശദാൻ ഫറാസത്ത് തുടങ്ങിയവരാണ് അടിയന്തരമായി ഹരജി കേൾക്കണമെന്ന് തിങ്കളാഴ്ച കോടതിയോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ഹരജികളുടെ പകർപ്പുകൾ കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും അറ്റോണി ജനറലിനും നൽകാൻ സുപ്രീംകോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു.
ദരിദ്രരും പാർശ്വവത്കൃതരുമായ ബിഹാറിലെ കോടിക്കണക്കിന് വോട്ടർമാർക്ക് അതികഠിനമായ സമയപരിധിയാണ് രേഖാ സമർപ്പണത്തിന് കമീഷൻ വെച്ചിരിക്കുന്നതെന്ന് അഭിഷേക് മനു സിങ്വി കുറ്റപ്പെടുത്തി. എട്ടുകോടി വോട്ടർമാരിൽ നാലുകോടി പേരും രേഖകൾ സമർപ്പിക്കണമെന്നും സിങ്വി പറഞ്ഞു. കോടിക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്ന തരത്തിൽ തിരക്കിട്ട് ഇത്തരമൊരു നിർദേശം നൽകിയത് എന്തിനാണെന്ന് കോടതി കമീഷനോട് ചോദിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഓരോ വ്യക്തിയുടെയും പൗരത്വത്തിന് തെളിവ് നൽകേണ്ട ഭരണകൂടം ആ ബാധ്യത പൗരനു മേൽ കെട്ടിവെക്കുന്നതാണ് കമീഷൻ ഉത്തരവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഹരജിയിൽ കുറ്റപ്പെടുത്തി. അതിനിടെ വോട്ടർപട്ടിക തീവ്ര പരിശോധനക്കെതിരെ കൂടുതൽ ഹരജികൾ സുപ്രീംകോടതിയിലെത്തി.
സാധാരണക്കാരുടെ പക്കലുള്ള രേഖകൾ അംഗീകരിക്കുന്നില്ല
ഡൽഹി സർവകലാശാല പ്രഫസറും ആർ.ജെ.ഡി രാജ്യസഭാ എം.പിയുമായ മനോജ് ഝാ സമർപ്പിച്ച ഹരജിയിൽ സാധാരണ ജനങ്ങളുടെ പക്കലുള്ള രേഖകൾ ആവശ്യപ്പെട്ട 11 രേഖകളിൽനിന്ന് കമീഷൻ ഒഴിവാക്കിയത് ചോദ്യം ചെയ്തു. ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവയൊന്നും സ്വീകാര്യമല്ലെന്നാണ് കമീഷൻ പറയുന്നതെന്ന് മനോജ് ഝാ ബോധിപ്പിച്ചു.
കൊച്ചാദാം മണ്ഡലത്തിൽ 60 ശതമാനം പുരുഷന്മാരും ബിഹാറിന് പുറത്ത്
മുൻ ബിഹാർ എം.എൽ.എ മുജാഹിദ് ആലം സമർപ്പിച്ച ഹരജിയിൽ കമീഷൻ നടപടി ഭരണഘടനയുടെ 14, 21, 325, 326 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി. കൊച്ചാദാം നിയമസഭാ മണ്ഡലത്തിലെ ആകെ 2,73,000 വോട്ടർമാരിൽ 60ശതമാനം പുരുഷ വോട്ടർമാരും തൊഴിൽ ആവശ്യാർഥം സംസ്ഥാനത്തിന് പുറത്താണെന്ന് മുജാഹിദ് ആലം ബോധിപ്പിച്ചു. കമീഷൻ പറഞ്ഞ സമയത്തിനകം നാട്ടിൽ വന്ന് രേഖകൾ നൽകാനാകാത്തതിനാൽ അവർ വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

