വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നിർബന്ധം; തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ നിർദേശം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ ഇനി മുതൽ മാതാപിതാക്കളുടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വിവരങ്ങൾ നിർബന്ധമായും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് കമീഷൻ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ നടപടിക്രമത്തിൽ വരുത്തിയ പുതിയ മാറ്റത്തിന്റെ ഭാഗമായാണ് ഈ നിർദേശം.
ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 ഓൺലൈനായി പൂരിപ്പിക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എസ്.ഐ.ആർ വിവരങ്ങൾ കൂടി നൽകണം. അപേക്ഷകനോ മാതാപിതാക്കളിലാരെങ്കിലുമോ മുമ്പ് നടന്ന എസ്.ഐ.ആർ നടപടിയിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് നൽകേണ്ടത്. ഈ ഭാഗം പൂരിപ്പിക്കാതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ബിഹാറിൽ ഇത് ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടലിൽ ലഭ്യമായി ഫോം 6ലെ ജെ, കെ ഭാഗങ്ങൾക്കിടയിൽ ചേർത്തിരിക്കുന്ന പുതിയ ഭാഗത്തിൽ അപേക്ഷകരോട് മൂന്ന് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. അപേക്ഷകന്റെ പേര് മുമ്പത്തെ എസ്.ഐ.ആർ പട്ടികയിൽ ഉണ്ട്, മാതാപിതാക്കളുടെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ പേര് ഉണ്ട്, അല്ലെങ്കിൽ ഇവരാരുടെയും പേര് ആ പട്ടികയിൽ ഇല്ല എന്ന ഓപ്ഷനുകളിലൊന്നാണ് തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകർ ആദ്യ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കുകയാണെങ്കിൽ മുമ്പത്തെ എസ്.ഐ.ആർ പ്രകാരമുള്ള നിയമസഭാ മണ്ഡലം, പോളിങ് ബൂത്ത് നമ്പർ, സീരിയൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകണം. ഇവ ഇല്ലെങ്കിൽ മൂന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ, അതിനുശേഷമുള്ള നടപടിക്രമങ്ങൾ എന്താണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങളിലും ഫോം 6ന്റെ അടിസ്ഥാന രൂപത്തിലും ഭേദഗതി വരുത്താതെ ഭരണ നിർദേശത്തിലൂടെയായാണ് പുതിയ വ്യവസ്ഥ.
വോട്ടർ പട്ടിക കൂടുതൽ കൃത്യവും വിശ്വസനീയവുമാക്കുന്നതിനും ഒരേ വ്യക്തിയുടെ ഒന്നിലധികം രജിസ്ട്രേഷനുകൾ ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശികൾ എന്നിവരെ പട്ടികയിൽനിന്ന് നീക്കംചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമീഷൻ വ്യക്തമാക്കി. മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ അപേക്ഷകരുടെ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാനാകുമെന്നും ഇതുവഴി അധിക രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം കുറയുമെന്നും കമീഷൻ അവകാശപ്പെട്ടു.
അതേസമയം, എസ്.ഐ.ആർ നടപടിക്രമം നേരത്തേ തന്നെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ അർഹരായ വോട്ടർമാർ പുറത്താകുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ഉന്നയിച്ചിരുന്നു. എന്നാൽ എസ്.ഐ.ആർ നടപടികൾ ഭരണഘടനാപരവും സുതാര്യവുമാണെന്നും വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് പരിഷ്കാരമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

