Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആർ...

എസ്.ഐ.ആർ ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടി; ഇന്ത്യയോട് വിശദീകരണം തേടി യു.എൻ

text_fields
bookmark_border
UN experts flag concerns over SIR deletions
cancel

ന്യൂഡൽഹി: രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷകണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. എസ്​.ഐ.ആർ ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിൽ ​യു.എന്നിന്റെ ന്യൂനപക്ഷ വിഭാഗങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പ്രത്യേക ദൂതൻമാരാണ് ഇന്ത്യക്ക് കത്തയച്ചത്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേ​ന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്ന വിവരം ലഭിച്ചതായി കത്തിൽ പറയുന്നു. കൂടാതെ, പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടിയിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേര് വെട്ടിയതായും വോട്ടവകാശം നിഷേധിച്ചതായും യു.എൻ ദൂതൻമാർ ചൂണ്ടിക്കാട്ടി. മുസ്‌ലിം, ബംഗാളി വംശജർ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ കൂടുതലായി നടപടി ബാധിച്ചതിൽ യു.എൻ ആശങ്ക അറിയിക്കുകയും ചെയ്തു.

ന്യൂനപക്ഷം, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ മേഖലകളിലെ യു.എൻ പ്രത്യേക റിപ്പോർട്ടർമാരായ നിക്കോളാസ് ലെവ്രാറ്റ്, ഐറിൻ ഖാൻ, നസീല ഘാനിയ എന്നിവരാണ് മേയ് ഒന്നിന് കേന്ദ്ര സർക്കാറിന് കത്ത് അയച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ മനുഷ്യാവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശവും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക അവർ ഉന്നയിച്ചു. പരാതികൾ പരിശോധിച്ച് കേന്ദ്ര സർക്കാറിന്റെ വിശദീകരണവും സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതിന്റെ കൃത്യമായ കണക്ക്, കാരണം, അപ്പീലുകളുടെ എണ്ണം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിവേചനം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ ഉള്‍പ്പെടെ ഏഴ് വിഷയങ്ങളിൽ മറുപടി നൽകാനാണ് ഇന്ത്യയോട് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‍ലിം വോട്ടർമാരെ നടപടി സാരമായി ബാധിച്ചതായി പശ്ചിമബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തിൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടിയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും സാധുവായ തിരിച്ചറിയൽ രേഖകൾ കൈവശം ഉണ്ടായിരുന്നവരാണ്. ഇവർക്ക് വോട്ടവകാശം നഷ്ടപ്പെട്ടതായി പരാതികളിൽ പറയുന്നു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്ത പേരുകളിൽ 95 ശതമാനവും മുസ്‌ലിം വോട്ടർമാരുടേതാണെന്നതും യു.എൻ കത്തിൽ പരാമർശിച്ചു. എന്നാൽ, മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ 25 ശതമാനം മാത്രമാണ് മുസ്‍ലിംകൾ. ഇവർ തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും എസ്.ഐ.ആറിന് സ്റ്റേ അനുവദിച്ചിരുന്നില്ല.

രേഖകളിലെ ചെറിയ അക്ഷരപിശകുകളോ പേരിലെ ചെറിയ വ്യത്യാസങ്ങളോ പോലും വോട്ടർപട്ടികയിൽനിന്ന് പേരുകൾ വെട്ടാനുള്ള കാരണമായി ഉപയോഗിച്ചു. എസ്.ഐ.ആറിന്റെ ഭാഗമായി ബിഹാറിൽ നടന്ന സമാന നടപടിയും മുസ്‍ലിംകൾ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടവകാശം നഷ്ടപ്പെടാനും പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരാനും കാരണമായതായും കത്തിൽ പറയുന്നു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ക​ണ്ടെത്താൻ എ.ഐ സംവിധാനം ഉപയോഗിച്ചെന്ന ആരോപണത്തിലും യു.എൻ ആ​ശങ്ക രേഖപ്പെടുത്തി. ഇതിലൂടെ അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയിട്ടുണ്ടാകാമെന്നും യു.എൻ ദൂതൻമാർ അഭിപ്രായപ്പെട്ടു.

ആരോപണങ്ങളുടെ കൃത്യത സംബന്ധിച്ച് മുന്‍വിധിയോടെ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ, എസ്‌.ഐ.റിന്റെ ഭാഗമായി ഉയര്‍ന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍, ആരോപണങ്ങള്‍ നിരവധി മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ ആശങ്കപ്പെടുന്നു. എസ്‌.ഐ.ആര്‍ നടപ്പാക്കിയ രീതിയെക്കുറിച്ചാണ് പ്രധാന ആശങ്ക. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് മുസ്‌ലിംകളും ബംഗാളി വംശജരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നാണ് സൂചനയാണെന്നും കത്തില്‍ പറയുന്നു.

ഒരു മതവിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികളെ അവതരിപ്പിക്കുന്നത് മുസ്‌ലിം പൗരന്മാര്‍ക്കെതിരായ വിവേചനപരമായ സമീപനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിന് തുല്യമാകാമെന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ട്. മതന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി ലക്ഷ്യമിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായും ഇത് വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെയും 1992ലെ ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിന്റെയും ആത്മാവിന് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsminority rightsElection Commission of IndiaSIRSpecial Intensive Revision
News Summary - UN experts flag concerns over SIR deletions
Next Story