നവകേരള സർവേ: സുപ്രീംകോടതിയിൽ കണക്ക് നൽകി സർക്കാർ, ചെലവായത് 13 കോടി
text_fieldsന്യൂഡൽഹി: നവകേരള സർവേക്കായി സംസ്ഥാന സർക്കാർ ചെലവിട്ട തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേക്ക് 13 കോടിയാണ് ചെലവാക്കിയതായി സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സർവേക്കുവേണ്ടി 20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടിയാണ്. നവകേരള സർവേയുടെ ബ്രോഷറിന് മാത്രം 5.54 കോടിരൂപ ചെലവായി. കത്തിന് ചെലവായത് ഒരുകോടി രൂപ. വോളന്റിയർമാരുടെ യാത്രക്ക് 1.45 കോടിരൂപയും ചെലവായിട്ടുണ്ടെന്ന് സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തിയെന്ന് അറിയുന്നതിനായി സർക്കാർ സർവേ നടത്തുന്നതിൽ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയിൽ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്. നവകേരള സർവേ ധൂർത്താണെന്നും പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് സുപ്രീംകോടതിയിൽ ഹരജിയും നൽകിയിരുന്നു.
വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയിൽ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്. ഏകദേശം 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വൊളന്റിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈകോടതി 2026 ഫെബ്രുവരിയിൽ സർവേ റദ്ദാക്കിയിരുന്നു.
എന്നാൽ, ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി, ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തു. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

