‘മോദിയും സമ്പന്നരായ സുഹൃത്തുക്കളും വിലകൂടിയ കൂൺ കഴിക്കുന്നു, പൊതുജനം സൗജന്യ റേഷന് വരി നിൽക്കുന്നു’; വിഡിയോയും വിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ സൗജന്യ റേഷനായി വരിയിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കളും വിലകൂടിയ കൂൺ കഴിക്കുന്നു എന്ന വിമർശനവുമായി കോൺഗ്രസ്. ഇതിനെ ബലപ്പെടുത്തുന്ന ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന ഒരു വിഡിയോയും കോൺഗ്രസ് പങ്കുവെച്ചു.
വിഡിയോയിൽ ഒരു കെട്ടിടത്തിന്റെ അടച്ചിട്ട ഗേറ്റിനു പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി കാണുന്നു. ഗേറ്റ് തുറന്നയുടനെ ജനക്കൂട്ടം കെട്ടിടത്തിനുനേർക്ക് പായുന്നതും കാണാം.
അനുരാഗ് ദ്വാരി എന്ന ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ഇവർ നമ്മുടെ രാജ്യത്തെ ആളുകളാണ്. ഇത് ഛത്തിസ്ഗഡിലെ ഗാരിയബന്ദ് ആണ്. പുതിയൊരു മെഷീൻ ഉള്ളതിനാൽ ഗേറ്റ് തുറന്നാലുടൻ അവർ ഓടാൻ നിർബന്ധിതരാകുന്നു. മൂന്ന് മാസത്തെ റേഷൻ ഒരുമിച്ച് നൽകണം. ഒരു ദിവസം കഷ്ടിച്ച് 20-22 പേർക്ക് മാത്രമേ റേഷൻ ലഭിക്കുന്നുള്ളൂ’ എന്ന് ഹിന്ദിയിൽ എഴുതുകയും ചെയ്തു.
ये हमारे देश की जनता है और ये छत्तीसगढ़ का गरियाबंद है, ऐसे गेट खुलते ही भागने को मजबूर हैं क्योंकि नई मशीन है, 3 महीने का राशन साथ मिलना है एक दिन में बमुश्किल 20-22 लोगों को राशन मिल रहा है pic.twitter.com/t4oCkYracN
— Anurag Dwary (@Anurag_Dwary) June 23, 2025
‘ഇന്നത്തെ ഇന്ത്യ’ എന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയും വിഡിയോ പങ്കുവെച്ചുകൊണ്ട് എഴുതി. സൗജന്യ റേഷനുവേണ്ടി ഒരു ആൾക്കൂട്ടത്തിന്റെ രൂപത്തിൽ രാജ്യത്തെ പൊതുജനം നിൽക്കുന്നു. ഇന്ത്യയിലെ 100 കോടിയിലധികം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതിന്റെ സ്ഥിതിവിവരക്കണക്കുകൾ ശരിയാണെന്ന് ഈ ജനക്കൂട്ടം തെളിയിക്കുന്നു.
‘നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കളും വിലകൂടിയ കൂൺ കഴിക്കുന്നു. പൊതുജനങ്ങൾ സൗജന്യ റേഷനുവേണ്ടി വരിയിൽ നിൽക്കുന്നു’ -കോൺഗ്രസ് കൂട്ടിച്ചേർത്തു.
‘മുൻ യു.പി.എ സർക്കാർ 2013 ൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി 80 കോടി ആളുകൾക്ക് വ്യവസ്ഥാപിതമായി സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാൻ മുൻകൈയെടുത്തു’ എന്ന് ഈ വർഷം മാർച്ചിൽ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പാർലമെന്റിൽ അവകാശവാദമുന്നയിച്ചിരുന്നു.
രാജ്യത്ത് എവിടെയും സൗജന്യ റേഷൻ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ അനുവദിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ പദ്ധതി സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെന്നും ജോഷി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

