'ഗാന്ധിയെ കൊന്ന ഗോഡ്സെയെ ആരാധിക്കുന്നവർക്ക് വോട്ട് ചെയ്യാൻ മുസ്‍ലിംകൾക്ക് ആകില്ല'
text_fieldsഗാന്ധി ഘാതകനായ നാഥുറാം വിനായക ഗോഡ്സെയെ ആരാധിക്കുന്നവരെ വിശ്വസിക്കാത്തതിനാല്‍ മുസ്ലിംകള്‍ക്ക് ഒരിക്കലും ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ സംഭാല്‍ ഇഖ്ബാല്‍ മഹ്‌മൂദ്. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‍ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ഒരു യഥാര്‍ത്ഥ മുസ്ലിമിന് ഒരിക്കലും ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. ബി.ജെ.പിക്കും രാഷ്ട്രീയ സ്വയംസേവക സംഘത്തിനും (ആര്‍.എസ്.എസ്.) ഒരിക്കലും മുസ്ലിംകളുടേതാകാന്‍ കഴിയില്ല. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ആരാധിക്കുന്നവരെ മുസ്ലിംങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല' -മഹമൂദ് പറഞ്ഞു.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയമാണ്. അതിനാലാണ് അവര്‍ ഒരിക്കലും ബി.ജെ.പിക്കെതിരെ സംസാരിക്കാത്തതെന്നും മഹ്‌മൂദ് അവകാശപ്പെട്ടു. ബി.ജെ.പിക്കെതിരെ പോരാടുന്ന ഏക പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.