സർവേക്ക് എത്തിയ മുസ്‌ലിം അധ്യാപികക്ക് അധിക്ഷേപം; എന്തിനാണ് ഹിന്ദു വീടുകളിൽ വരുന്നതെന്ന് ചോദ്യം
text_fieldsബംഗളൂരു: പിന്നാക്ക വിഭാഗ കമീഷൻ സംസ്ഥാനത്ത് കഴിഞ്ഞ മാസം 22ന് ആരംഭിച്ച സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവേക്ക് എത്തിയ മുസ്‌ലിം അധ്യാപികയെ അധിക്ഷേപിച്ചതായി പരാതി. തുമകൂരു ഭീമസാന്ദ്രയിലാണ് അധ്യാപികക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.
അധ്യാപികയെ അപമാനകരമായ പരാമർശങ്ങൾ നടത്തി അധിക്ഷേപിക്കുകയും ഗ്രാമം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തതെന്നാണ് പരാതി. ‘എന്തിനാണ് ഹിന്ദു വീടുകളിൽ വന്നത്?’, ‘ആളുകളെ നിങ്ങളുടെ സമൂഹത്തിൽ ഉൾപ്പെടുത്താൻ വന്നതാണോ?’ എന്നെല്ലാമായിരുന്നു അധിക്ഷേപം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർപേഴ്‌സൺ മധുസൂധൻ ആർ. നായിക്കിന്റെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ ഏഴ് കോടി ജനങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് 60 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് ഉപയോഗിക്കുന്നത്. ഒന്നേമുക്കാൽ ലക്ഷം അധ്യാപക, അധ്യാപികമാരെ ഉപയോഗിച്ചുള്ള സെൻസസ് ദൗത്യം ഈ മാസം ഏഴിന് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർവേ പ്രവർത്തനങ്ങൾക്കായി 420 കോടി രൂപ അനുവദിച്ചിരുന്നു. ജാതി സർവേ എന്നറിയപ്പെടുന്ന ഈ കണക്കെടുപ്പിന് എതിർപ്പുമായി ബി.ജെ.പി രംഗത്തുണ്ട്.
അതിനിടെ ശനിയാഴ്ച മല്ലേശ്വരം നഗരസഭ ഓഫീസിൽ നൂറോളം സർവേ സർവേ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. രോഗികളായ കുടുംബാംഗങ്ങളുടെ പരിചരണം, സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിക്കാതെ സർവേ ജോലികൾക്ക് നിർബന്ധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ജാതി സർവേയിൽനിന്ന് പിൻമാറിയ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
മംഗളൂരു: കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ എണ്ണൽക്കാരായി ജോലിക്ക് ഹാജരാകാതിരുന്ന മൂന്ന് അധ്യാപകരെ ഉഡുപ്പി ജില്ല ഭരണകൂടം സസ്‌പെൻഡ് ചെയ്തു. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ സ്വരൂപ് ടി.കെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ന കാഡു ഗവ. ഹൈസ്‌കൂളിലെ അധ്യാപികമാരായ സുരേഖ, രത്‌ന, ഉദ്യാവരയിലെ ഗവ. പ്രീ-യൂനിവേഴ്‌സിറ്റി കോളേജിലെ അധ്യാപിക പ്രഭ ബി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ജില്ല ഭരണകൂടത്തിന്റെ കണക്കനുസരിച്ച് സർവേക്കായി അധ്യാപകരെ എന്യൂമറേറ്റർമാരായി നിയമിച്ചിരുന്നു, എന്നാൽ ഫോണിൽ ബന്ധപ്പെട്ടിട്ടും നിയമന ഉത്തരവുകൾ സ്വീകരിക്കാൻ വിസമ്മതിച്ചു. വിശദീകരണം തേടി അവർക്ക് നോട്ടീസ് നൽകിയെങ്കിലും അധ്യാപകർ മറുപടി നൽകുകയോ ഹാജരാകാതിരുന്നതിന് കാരണം നൽകുകയോ ഉണ്ടായില്ല. സർക്കാർ ജോലിയിൽ നിസ്സഹകരണവും അശ്രദ്ധയും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമീഷണർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ മൂവരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സർവേയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന ഏതൊരു എന്യൂമറേറ്റർക്കെതിരെയും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്വരൂപ് ടി.കെ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

