മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി മുസ്‍ലിം പാർട്ടികൾ
text_fieldsമുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പുകളിൽ ശക്തമായ സാന്നിധ്യം അറിയിച്ച് മുസ്‍ലിം രാഷ്ട്രീയ പാർട്ടികൾ. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം), ഇന്ത്യൻ സെക്കുലർ ലാർജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്ര (ഇസ്‍ലാം), ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് എന്നീ പാർട്ടികളാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ശ്രദ്ധയാകർഷിച്ചത്.
29 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ എ.ഐ.എം.ഐ.എം നേടി. സമ്പാജി നഗറിലാണ് (പഴയ ഔറംഗാബാദ് ) കൂടുതൽ (33) സീറ്റുകൾ നേടിയത്. മലേഗാവ് (21), അമരാവതി (15), നാന്ദഡ് (13), ധൂലെ (10), മുംബൈ (8) തുടങ്ങിയ നഗരസഭകളിലാണ് എ.ഐ.എം.ഐ.എം സാന്നിധ്യം അറിയിച്ചത്. മറാത്തി വാദം ഉന്നയിക്കുന്ന രാജ് താക്കറെയുടെ എം.എൻ എസിനേക്കാൾ കൂടുതൽ സീറ്റുകൾ എ.ഐ.എം.ഐ.എം സ്വന്തമാക്കി. മുംബൈയിലെ ആറ് സീറ്റടക്കം 13 ഇടത്താണ് എം.എൻ.എസ് വിജയിച്ചത്.
മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവ് നഗരസഭയിൽ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് പ്രാദേശിക പാർട്ടിയായ ഇസ്‍ലാമിന്റെ വളർച്ച. 84 ൽ 35 സീറ്റിൽ ജയിച്ച് ഒന്നാമതായ ഇസ്‍ലാം അഞ്ചു സീറ്റ് നേടിയ സമാജ് വാദി പാർട്ടിക്കൊപ്പം ഭരണം പിടിക്കും. എ.ഐ.എം.ഐ.എം ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മൂന്നാമത് 18 സീറ്റുള്ള ഷിൻഡെ ശിവസേനയാണ്. കോൺഗ്രസ് മൂന്ന് സീറ്റിൽ ഒതുങ്ങി. മുൻ കോൺഗ്രസ് എം.എൽ.എ റഷീദ് ശൈഖിന്റെ മകനും മുൻ എൻ.സി.പി എം.എൽ.എയുമായ അസ്‌ലം ശൈഖ് രൂപവത്കരിച്ച പാർട്ടിയാണ് ഇസ്‍ലാം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ തട്ടകമായ നാഗ്പൂരിൽ ഒറ്റക്ക് മത്സരിച്ചാണ് മുസ്‍ലിം ലീഗ് സാന്നിധ്യം അറിയിച്ചത്. നാല് സീറ്റുകളിൽ പാർട്ടി വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

