എസ്.ഐ.ആറിനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയിൽ; ജീവനക്കാർക്ക് സമ്മർദം താങ്ങാനാകുന്നില്ല, ബി.എൽ.ഒ അനീഷിന്‍റെ ആത്മഹത്യയെ കുറിച്ചും ഹരജിയിൽ പരാമർശം
text_fieldsന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) മുസ്‌ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരമോന്നത കോടതിയെ സമീപിച്ചത്. മാനസിക സമ്മർദത്തെ തുടർന്ന് ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.
കേരളത്തിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനം ഹരജിയിൽ ചോദ്യം ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർ പട്ടിക തീവ്ര പരിഷ്കരണവും (എസ്.ഐ.ആർ) ഒരേസമയം നടക്കുന്നത് ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വലിയ സമ്മർദം ഉണ്ടാക്കുന്നു. ആ സമ്മർദം ജീവനക്കാർക്ക് താങ്ങാൻ സാധിക്കുന്നില്ല.
വോട്ടർമാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആർ. പ്രവാസി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹരജിയിൽ പങ്കുവെക്കുന്നുണ്ട്. എസ്.ഐ.ആർ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി കൂടിയാണ് മുസ്‌ലിം ലീഗ്.
എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാറും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. കേസിൽ കക്ഷി ചേരുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എസ്.ഐ.ആർ മാറ്റിവെക്കണമെന്നത് കേരളത്തിലെ ആദ്യ മൂന്ന് സർവകക്ഷി യോഗങ്ങളിൽ ബി.ജെ.പി ഒഴികെയുള്ളവരെല്ലാം അംഗീകരിച്ചിരുന്നു. നാലാമത്തെ യോഗത്തിൽ ബി.ജെ.പിയും അത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ജോലി സമ്മര്‍ദം കാരണം വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ചുമതലയുള്ള ബൂത്ത് ലെവൽ ഓഫിസറെ (ബി.എൽ.ഒ) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ രാമന്തളി കുന്നരു എ.യു.പി സ്കൂളിലെ ജീവനക്കാരൻ കാങ്കോൽ ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ 11ഓടെ ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബത്തെ പള്ളിയിൽ കൊണ്ടുവിട്ടതിനു ശേഷമായിരുന്നു ജീവനെടുക്കിയതെന്ന് സംശയിക്കുന്നു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നുവരെ ജോലി ചെയ്തതായും പറയുന്നു. 15 വർഷമായി കുന്നരു എ.യു.പി സ്കൂളിലെ പ്യൂണാണ് അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

