ഡൽഹി സി.ആർ.പി.എഫ് സ്കൂളിന് സമീപത്തേത് ഉഗ്ര സ്ഫോടനം, കാർ ചില്ലുകൾ തകർന്നു; ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സിടിവി പകർത്തിയ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്.
രാവിലെ 7.47ഓടെ പ്രശാന്ത് വിഹാറിന് സമീപത്തുള്ള സി.ആർ.പി.എഫ് സ്കൂളിന് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സ്കൂളിന് കേടുപാടുകൾ സംഭവിച്ചു. സ്കൂളിനടുത്ത് പാർക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകൾ തകർന്നു. സ്ഫോടനത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഫോറൻസിക് സംഘവും ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്. അഴുക്കുചാൽ ഉൾപ്പടെയുള്ള പ്രദേശങ്ങൾ പരിശോധിക്കുമെന്ന് മുതിർന്ന പൊലീസ് ഓഫീസർ അമിത് ഗോയൽ അറിയിച്ചു.
വലിയ ശബ്ദം കേട്ടുവെന്നും സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വലിയ തോതിൽ പുക ഉയർന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.

