നരേന്ദ്ര മോദി വൈകാതെ മുൻ പ്രധാനമന്ത്രിയാകുമെന്ന് സച്ചിൻ പൈലറ്റ്
text_fieldsസച്ചിൻ പൈലറ്റ്
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടും വോട്ട് ചോർച്ച വിഷയത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളോടെ നരേന്ദ്ര മോദി ഉടൻ തന്നെ ഒരു മുൻ പ്രധാനമന്ത്രിയായി മാറും എന്ന് വിശേഷിപ്പിച്ച അദ്ദേഹം വോട്ടർപട്ടികയിലെ അപാകതകളുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ട് ചോർച്ച വിഷയം ഉന്നയിച്ച് തെരുവിലിറങ്ങിയ യുവാക്കളുടെ പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾക്ക് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ‘എത്ര കടുപ്പമേറിയ പൊലീസ് നടപടികൾ ഉണ്ടായാലും, വെടിവെപ്പോ ലാത്തിച്ചാർജോ നടത്തിയാലും രാജ്യത്തെ യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ല. നീറ്റ് പരീക്ഷ തട്ടിപ്പിലും ചോദ്യപേപ്പർ ചോർച്ചയിലും ഉയർന്ന ജനരോഷം കാരണം വിദ്യാഭ്യാസമന്ത്രിക്ക് പോലും തലകുനിക്കേണ്ടി വന്നത് നാം കണ്ടതാണ്.
ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനും ധർണകളും പദയാത്രകളും നടത്താനും ജനങ്ങൾക്ക് അവകാശമുണ്ട്. അതിനെ ക്രൂരമായ പൊലീസ് സജ്ജീകരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ എങ്ങനെ സാധിക്കും? സച്ചിൻ പൈലറ്റ് ചോദിച്ചു. ഇലക്ഷൻ കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്ത സച്ചിൻ പൈലറ്റ് ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാണെന്ന് ആവർത്തിച്ചു.
‘ഇന്ത്യയിൽ ഉപരാഷ്ട്രപതിക്ക് വരെ രാജി സമർപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ചീഫ് ഇലക്ഷൻ കമീഷണർക്ക് ആയിക്കൂടാ? കളിയും അമ്പയറും ഒരുപോലെ ഫിക്സ് ചെയ്യപ്പെട്ട ഒന്നാണെന്ന് കളിക്കാർക്കും കാണികൾക്കും ലോകത്തിനും ബോധ്യപ്പെട്ടാൽ, പിന്നെ ആ കളി നടത്തുന്നതിൽ എന്താണ് അർത്ഥമുള്ളത്? ജയവും പരാജയവും കളിയുടെ ഭാഗമാണ്. പക്ഷേ ഞങ്ങൾക്ക് വേണ്ടത് ന്യായമായ ഒരു മത്സരമാണ്. അത് ഉറപ്പുവരുത്താൻ ഇലക്ഷൻ കമീഷണർക്ക് സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം പദവി ഒഴിയുക തന്നെ വേണമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.
അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്പോൾ വളരെ നേരത്തെയാണെന്നും, ആ ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ക്രമാനുഗതമായി കൈപ്പിടിയിലൊതുക്കുകയാണെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു.
നേരത്തെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ഇലക്ഷൻ കമീഷണറെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്തതിലൂടെ സർക്കാരിന് രണ്ടേ ഒന്ന് എന്ന ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിച്ചു. മാത്രമല്ല, ഗ്യാനേഷ് കുമാറിന് ആജീവനാന്ത സംരക്ഷണം നൽകുന്ന നിയമവും നിർമിക്കപ്പെട്ടു. ഇലക്ഷൻ കമീഷനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി നൽകുന്നത് കമീഷനല്ല, മറിച്ച് ബി.ജെ.പി വക്താക്കളാണെന്നത് അഭൂതപൂർവ്വമായ സാഹചര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
'വോട്ട് ചോർച്ച' വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്ന ചോദ്യത്തിന്, രാഹുൽ ഗാന്ധി ഒരിക്കലും അത്തരം പദവികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും, രാജ്യത്തെ ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാൻ അദ്ദേഹം മുന്നിൽ നിന്ന് പോരാടുകയാണെന്നും സച്ചിൻ പൈലറ്റ് മറുപടി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

