Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 കോടി വോട്ടർമാരെ വെട്ടിമാറ്റിയത് അവിശ്വസനീയം; ഗ്യാനേഷ് കുമാർ രാജിവെക്കണം - ശശി തരൂർ

text_fields
bookmark_border
Congress MP Shashi Tharoor commenting on political strategy and the CJP youth movement.
cancel
camera_alt

ശശി തരൂർ

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തിലെ (എസ്‌.ഐ.ആർ) ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം സി.ഇ.സി സ്ഥാനം രാജിെവക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തരൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2023 ലെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ മുഴുവൻ എം.പിമാരെയും സസ്പെൻഡ് ചെയ്തുകൊണ്ട് ബി.ജെ.പി സർക്കാർ പാസാക്കിയ നിയമത്തിലൂടെ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പ്രത്യേക നിയമപരിരക്ഷ നൽകിയിരിക്കുകയാണെന്ന് തരൂർ ആരോപിച്ചു. ഭരണഘടനാപരമായ സംരക്ഷണമല്ല, മറിച്ച് പ്രത്യേക നിയമത്തിലൂടെയാണ് അദ്ദേഹത്തിന് ഈ സുരക്ഷ ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഭരണഘടന ഇംപീച്ച്‌മെന്റിനുള്ള വ്യവസ്ഥകൾ നൽകുന്നുണ്ട്. പ്രതിപക്ഷം ഇപ്പോൾ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണ്’- തരൂർ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നിരിക്കെ, ജനാധിപത്യത്തിന്റെ താൽപര്യാർഥം അദ്ദേഹം സ്വമേധയാ പദവി ഒഴിയുന്നതാണ് മാന്യതയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വോട്ടർ പട്ടികയുടെ എസ്‌.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും, നിയമവിരുദ്ധമായി നീക്കം ചെയ്ത വോട്ടർമാരെ പുനഃസ്ഥാപിക്കണമെന്നും, ഈ പ്രക്രിയക്ക് ഉപയോഗിച്ച സോഫ്റ്റ്‌വെയർ പരിശോധിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള ‘ഫോം 6’, എതിർപ്പുകൾക്കും ഒഴിവാക്കലുകൾക്കും ഉപയോഗിക്കുന്ന ‘ഫോം ’എന്നിവയിലെ മാറ്റങ്ങൾ റദ്ദാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

തെറ്റായി വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു എന്ന് ബോധ്യപ്പെട്ടാൽപോലും, അത്തരം ഒഴിവാക്കലുകൾ മറികടക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരെ (ഇ.ആർ.ഒ) സോഫ്റ്റ്‌വെയർ അനുവദിക്കുന്നില്ലെന്ന് തരൂർ ആരോപിച്ചു.

ഗോവയിലെ 97 കേസുകളെക്കുറിച്ചുള്ള ‘ഇന്ത്യൻ എക്സ്പ്രസ്’ അന്വേഷണം ഈ ക്രമക്കേടുകൾക്ക് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ടുകൾ നീക്കം ചെയ്യുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച അശാസ്ത്രീയമായ രീതികളും അമിത വേഗതയും അപ്പീൽ നടപടികളുടെ ദൗർബല്യവുമാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. പേര് വെട്ടിയ ശേഷം, തങ്ങൾ വോട്ടിങിന് അർഹരാണെന്ന് തെളിയിക്കേണ്ട ഭാരം പൗരന്മാരുടെമേൽ അടിച്ചേൽപ്പിക്കുകയാണ്.

രാജ്യത്തുടനീളം റെക്കോർഡ് അളവിൽ 130 ദശലക്ഷത്തിലധികം (13 കോടി) ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കുന്നതാണെന്ന് തരൂർ വിമർശിച്ചു.

പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ 94 കാരനായ അമർത്യ സെന്നിനുപോലും നോട്ടീസ് അയച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മാതാവിന് അദ്ദേഹത്തേക്കാൾ 15 വയസ്സ് മാത്രം പ്രായക്കൂടുതലുള്ളത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ലോജിക്കൽ വൈരുദ്ധ്യമെന്ന് പറഞ്ഞ് പ്രായമായവരെ പട്ടികയിൽനിന്ന് പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ശൈശവ വിവാഹങ്ങളും ചെറുപ്പത്തിലുള്ള പ്രസവങ്ങളും സാധാരണമായിരുന്ന കാര്യങ്ങൾ കമ്മീഷൻ പരിഗണിക്കുന്നില്ല. കൂടാതെ, ഇന്ത്യയെ വിദേശത്ത് പ്രതിനിധീകരിച്ച പ്രമുഖർക്കും നോട്ടീസുകൾ അയച്ചിട്ടുണ്ട്.

ഡൽഹിയിലെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിന്റെ ഡിനോട്ടിഫിക്കേഷൻ തീരുമാനത്തെയും തരൂർ കടുത്ത ഭാഷയിൽ വിമർശിച്ചു. അധികാരികളുടെ കണ്ണിലും കാതിലുമെത്തേണ്ട സമരങ്ങളെ ഡൽഹിയുടെ ഹൃദയഭാഗത്തുനിന്ന് വളരെ ദൂരേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

രാംലീല മൈതാനം, ബുസാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് ബദൽ കേന്ദ്രങ്ങളായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാംലീല മൈതാനത്ത് ഡിസംബർ 29 മുതൽ 31 വരെയുള്ള ദിവസങ്ങൾ മാത്രമാണ് ബുക്ക് ചെയ്യാൻ ലഭ്യമായിട്ടുള്ളതെന്നും, ഇത് പ്രതിഷേധക്കാരെ ബുസാരിയിലേക്കോ യമുനക്ക് അപ്പുറമുള്ള സ്ഥലങ്ങളിലേക്കോ ഒതുക്കാൻ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വോട്ടെടുപ്പ് പ്രക്രിയയുടെ സുതാര്യത വീണ്ടെടുക്കുകയും എല്ലാവർക്കും തുല്യ അവസരമുള്ള അന്തരീക്ഷം ഉറപ്പാക്കുകയുമാണ് പ്രതിപക്ഷത്തിന്റെ തൽക്കാലത്തെ ലക്ഷ്യമെന്ന് തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പുകൾ കൃത്യമായും നീതിയുക്തമായും നടക്കുകയാണെങ്കിൽ, വോട്ടർമാർ ബിജെപിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽപോലും ആ ജനവിധിയെ അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരു യഥാർഥ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിനുമാണ് ഈ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tharoor Seeks CEC Resignation
Next Story