Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹുർമുസ് സുരക്ഷ...

ഹുർമുസ് സുരക്ഷ പ്രധാനം; ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി മോദി, ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണം

text_fields
bookmark_border
ഹുർമുസ് സുരക്ഷ പ്രധാനം; ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി മോദി, ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണം
cancel

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം, വാണിജ്യ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള ആവശ്യകത പ്രധാനമന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ചും പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും പെസെഷ്കിയാൻ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. എന്നാൽ, ഈ ചർച്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നതിലെ ആശങ്കകൾക്കിടയിലാണ് ഇരുനേതാക്കളും ആശയവിനിമയം നടത്തിയത്. കരാർ ഒപ്പുവെച്ചതിന് ശേഷവും ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ പുതിയ ആക്രമണങ്ങൾ മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അംഗരാജ്യങ്ങൾ തമ്മിലുള്ള ബഹുതല സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സമ്മേളനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായി ന്യൂഡൽഹിയിലെ ഇറാൻ എംബസി എക്സ് കുറിപ്പിൽ വ്യക്തമാക്കി.

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാനഈയുടെ വിയോഗത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. ഖാനഈയുടെ വിയോഗത്തെത്തുടർന്ന് തെഹ്‌റാനിൽ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ പെസെഷ്കിയാൻ നേരത്തെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ സെയ്ദ് അതാ ഹസ്നൈൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

അതേസമയം ആയത്തുല്ല അലി ഖാനഈയുടെ മരണത്തിന് കാരണമായ ഇസ്രായേൽ-യു.എസ് സൈനിക ആക്രമണങ്ങളെക്കുറിച്ച് മാർച്ച് 5-ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പിടുന്നത് വരെ ഇന്ത്യ ഔദ്യോഗികമായി മൗനം പാലിച്ചിരുന്നത് ചർച്ചയായിരുന്നു.

ഇസ്രായേലും യു.എസും ഇറാന് നേരെ ആക്രമണം തുടരുകയും പരമോന്നത നേതാവിനെ വധിക്കുകയും ചെയ്തതിന് ശേഷം ഹുർമുസ് ഇറാൻ അടച്ചിരുന്നു. ഇത് ഇന്ത്യയുടെ ഇന്ധന-വള ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 50 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ മൂലം രാജ്യം കടുത്ത ഇന്ധനക്ഷാമം നേരിട്ടിരുന്നു.

ഇറാൻ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ചരക്കുനീക്കം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്താനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibrics summitiran presidentStrait of HormuzIndiaMasoud PezeshkianUS Iran War
News Summary - PM Modi, Iran President discuss West Asia; India stresses peace, stability
Next Story