ബുക്ക് ചെയ്ത മുറിയിൽനിന്ന് അർധരാത്രി ഒഴിപ്പിച്ചു: മഹുവയുടെ ഹരജി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ താൻ ബുക്ക് ചെയ്ത സർക്യൂട്ട് ഹൗസ് മുറിയിൽ നിന്ന് നാദിയ ജില്ല ഭരണകൂടം ബലമായി ഒഴിപ്പിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാനുള്ള മഹുവയുടെ തീരുമാനത്തെ ഹ്രസ്വവാദം നടത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യം ചെയ്തു. വസ്തുതാപരമായ തർക്കങ്ങളും തെറ്റായ അവകാശവാദവും ഉള്ളതിനാൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് തുഷാർ മേത്ത ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ ഭരണഘടനാ പ്രശ്നം ഉണ്ടെന്നും ഹൈകോടതിയുടെ അനുകൂല ഉത്തരവ് മറികടന്നാണ് നടപടി ഉണ്ടായതെന്നും മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ബോധിപ്പിച്ചു.
സർക്യൂട്ട് ഹൗസിൽനിന്ന് ആഗസ്റ്റ് 14ന് രാത്രിയാണ് ഇറങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടതെന്നാണ് എം.പിയുടെ ആരോപണം. സർക്യൂട്ട് ഹൗസിന് മുന്നിൽ വലിയ ജനക്കൂട്ടം ജയ് ശ്രീറാം വിളികളോടെ തടിച്ചുകൂടിയെന്ന് സമൂഹമാധ്യമ പോസ്റ്റിൽ മഹുവ പറഞ്ഞു. എം.പി എന്ന നിലയിൽ അവിടെ താമസിക്കാൻ അവകാശമുള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അർധരാത്രി ഇറക്കിവിട്ട നടപടിയിൽ ഇടപെടണമെന്ന് ലോക്സഭാ സ്പീക്കർക്ക് അവർ കത്തെഴുതുകയും ചെയ്തു. ജില്ല മജിസ്ട്രേറ്റിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും ഔദ്യോഗിക വസതികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന സർക്യൂട്ട് ഹൗസിന് മുന്നിൽ ജനങ്ങൾ എങ്ങനെ തടിച്ചുകൂടിയെന്നതിൽ കത്തിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

