'കേരളത്തിൽ പിഴച്ചു, തമിഴ്നാട്ടിൽ തിരിച്ചടി'; തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ
text_fieldsന്യൂഡൽഹി: കേരളത്തിൽ കണക്കു കൂട്ടലുകൾ തെറ്റിച്ച തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി പ്രതീക്ഷിച്ചതിന്റെ അടുത്ത് പോലുമെത്തിയില്ലെന്നും അതിനാൽ ജയമെന്ന് പറയാനാവില്ലെന്നും ബി.ജെ.പി. തമിഴ്നാട്ടിൽ വിജയ് അധികാരത്തിലെത്തിയത് അപ്രതീക്ഷിതമാണെന്നും ഇത്തരത്തിലൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉന്നത ബി.ജെ.പി നേതാവ് പറഞ്ഞു. തമിഴ്നാട്ടിലെയും കേരളത്തിലെയും ഈ തിരിച്ചടിയുടെ കാരണങ്ങൾ പഠിക്കുമെന്നും ഇരു സംസ്ഥാനങ്ങളിലും ഭരണം നേടുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുമെന്നും കേന്ദ്രസർക്കാറിന്റെ 12 വർഷത്തെ പ്രവർത്തന അവലോകനത്തിനിടെ ബി.ജെ.പി നേതാവ് പറഞ്ഞു.
ബി.ജെ.പി മൂന്ന് നിയമസഭാ സീറ്റുകൾ നേടിയ കേരളത്തിൽ അതൊരു വിജയമല്ലേ എന്ന് ചോദിച്ചപ്പോൾ, പ്രതീക്ഷിച്ച നിയമസഭാ സീറ്റുകൾ ലഭിക്കാതെ കേരളത്തിൽ പാർട്ടിക്ക് വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ബി.ജെ.പി നേതാവ് ചോദിച്ചു. കേരളത്തിലെ ഫലം എന്തായിരിക്കുമെന്ന് ഒരു കണക്കു കൂട്ടലുണ്ടായിരുന്നു. അതിനടുത്തെത്താൻ പോലുമായിട്ടില്ല. എന്തുകൊണ്ട് ഫലം ഇത്തരത്തിലായെന്ന് പഠിക്കും. പരിഹാര നടപടികൾ കൈക്കൊണ്ട് കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാര നടപടി കൈക്കൊള്ളാൻ യോഗം വിളിച്ചുചേർക്കുന്നുണ്ടെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനും പറഞ്ഞു.
നക്സലുകളെ ഇല്ലായ്മ ചെയ്തതോടെ ഇടതുപക്ഷ തീവ്രവാദം തുടച്ചുനീക്കിക്കഴിഞ്ഞു. അതിനെ പ്രത്യയശാസ്ത്രപരമെന്ന നിലക്ക് കരുതുന്ന അർബൻ നക്സലുകളുമായി അത്തരമൊരു ഏറ്റുമുട്ടലുണ്ടാവില്ല. വ്യക്തികളുടെ പ്രത്യയശാസ്ത്രപരവും വൈചാരികവുമായ ചിന്തകളെ ആ നിലക്ക് ബുദ്ധിപരമായി നേരിടുകയാണ് വേണ്ടത്. ഒരു സംസ്ഥാനം പോലും ഭരിക്കാനില്ലാത്ത ഇടതുപക്ഷം ഇന്ത്യയിൽ പൂജ്യമായി മാറിക്കഴിഞ്ഞെന്നും രാഷ്ട്രീയമായി ഇടതുപക്ഷം ബി.ജെ.പിക്ക് ഒരു ഭീഷണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനർ നിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച നിലയിലാണെന്നും അത് പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി സർക്കാർ കാത്തിരിക്കുകയാണ്. അത്തരമൊരു സമയം വന്നാൽ അപ്പോൾ ബിൽ എടുത്ത് പാസാക്കും.
എം.പിമാരുടെ എണ്ണം 850 ആകുന്നതോടെ ലോക്സഭയുടെ പ്രവർത്തന സമയവും ദീർഘിപ്പിക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ ആലോചിക്കേണ്ടിവരും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സമിതി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

