ഖനന മേഖലയിൽ പുരുഷന്മാർ രോഗികളാകുന്നു; താങ്ങായി സ്ത്രീകളുടെ സോളാർ പരിശീലനം
text_fieldsരാജസ്ഥാനിലെ ഗ്രാമങ്ങളിൽ വെളിച്ചവും ഒപ്പം ജീവിതത്തിൽ പ്രതീക്ഷയും തിരികെ കൊണ്ടുവന്നതിന്റെ അഭിമാനത്തിലാണ് സന്തോഷ് ദേവി. ഖനന ജോലി മൂലം വിട്ടുമാറാത്ത രോഗങ്ങൾ പിടിപെട്ട ഭർത്താക്കന്മാരുള്ള സ്ത്രീകൾക്കായി നടത്തിയ പ്രോഗ്രാമിലൂടെയാണ് സന്തോഷ് ദേവി സോളാർ എഞ്ചിനീയറിങ് പഠിച്ചെടുത്തത്. രാജസ്ഥാനിലെ 33,000ത്തോളം വരുന്ന ഖനികളിൽ നിന്ന് ഉയരുന്ന സിലിക്ക പൊടി ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസകോശ രോഗമായ 'സിലിക്കോസിസ്' ബാധിച്ച് കിടപ്പിലാണ് അവരുടെ ഭർത്താവ്. രാജസ്ഥാനിലെ ഖനന മേഖലകളിലാണ് ഈ ദുരവസ്ഥ കൂടുതലായി കാണുന്നത്.
രാജസ്ഥാനിലെ തിലോണിയയിലുള്ള സന്നദ്ധ സംഘടനയായ ബെയർഫൂട്ട് കോളേജ് ആണ് സ്ത്രീകൾക്ക് സൗരോർജ പരിശീലനം നൽകുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുക, വയറിങ് ചെയ്യുക, വിളക്കുകൾ കൂട്ടിച്ചേർക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇത് വീടുകളിൽ വെളിച്ചമെത്തിക്കാനും ഫോൺ ചാർജ് ചെയ്യാനും ഫാനുകൾ പ്രവർത്തിപ്പിക്കാനുമുള്ള വൈദ്യുതി കിട്ടുന്നതിനും സഹായിക്കും.
ഭർത്താക്കന്മാർക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പരിശീലനം സ്ത്രീകൾക്ക് ഒരു പുതിയ വരുമാനമാർഗവും കുടുംബത്തിന് താങ്ങും നൽകുന്നു. 1972ൽ സ്ഥാപിതമായതിനുശേഷം 96 രാജ്യങ്ങളിൽ നിന്നായി 3,000ത്തിലധികം സ്ത്രീകളെ ബെയർഫൂട്ട് കോളജ് പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടെക്നിക്കൽ മാനേജരായ കമലേഷ് ബിഷ്ത് പറയുന്നു. തൊഴിൽ ക്ഷാമവും ആരോഗ്യപരിപാലന സൗകര്യങ്ങളുടെ കുറവും ഉള്ള സാഹചര്യത്തിൽ ഗ്രാമീണ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനാണ് കോളജ് ലക്ഷ്യമിടുന്നത്.
രാജസ്ഥാനിലെ ഖനന മേഖലയിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അജ്മീർ ജില്ലയിൽ മാത്രം 5,000ത്തിനും 6,000ത്തിനും ഇടയിൽ സിലിക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൾമണോളജിസ്റ്റ് ലോകേഷ് കുമാർ ഗുപ്ത പറയുന്നു. സന്തോഷിന്റെ ഗ്രാമത്തിലെ 400 വീടുകളിൽ 70 പേർക്ക് സിലിക്കോസിസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലുടനീളം 25 ലക്ഷത്തോളം ആളുകൾ തുച്ഛമായ വേതനത്തിന് കല്ലുകൾ, മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഖനനം ചെയ്യുന്നു.
ജാക്ക്ഹാമറുകൾ ഉപയോഗിക്കുന്നവർക്ക് ഇരട്ടി ശമ്പളം ലഭിക്കുമെങ്കിലും, മാരകമായ പൊടിപടലങ്ങൾ ശ്വസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗത്തിന് മിക്ക കേസുകളിലും ചികിത്സയില്ല. മാത്രമല്ല ഇതിന്റെ മരുന്നുകൾ വലിയ ചിലവേറിയതുമാണ്. സർക്കാരിൽ നിന്ന് പ്രതിമാസം 1400 രൂപ മാത്രമാണ് രോഗികൾക്ക് ലഭിക്കുന്നത്. ശ്വാസതടസ്സവും ചുമയുമുള്ള പല ഖനിത്തൊഴിലാളികളും ആരോഗ്യപരമായ കടുത്ത അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും കുടുംബത്തെ പോറ്റാൻ വേണ്ടി തുച്ഛമായ കൂലിക്ക് ചരൽ കല്ല് മുറിക്കുന്നത് ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

