‘ ഞാൻ ഇന്ത്യക്കാരിയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നുന്നു’; ഡൽഹിയിൽ ഒരു ദിവസം രണ്ടുതവണ വംശീയാധിക്ഷേപം നേരിട്ട് മേഘാലയ യുവതി
text_fieldsന്യൂഡൽഹി: ഒരു ദിവസം രണ്ടു തവണ ഡൽഹിയിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടി വന്നെന്ന് മേഘാലയ സ്വദേശിനിയായ യുവതി. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ വിവേചനം നേരിടേണ്ടി വരുന്നതിനെതിരെ വിമർശനങ്ങൾ സജീവമായ ഘട്ടത്തിലാണ് വീണ്ടും വംശീയാധിക്ഷേപങ്ങൾ നടക്കുന്നത്.
താൻ നേരിട്ട വിവേചനം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി അറിയിച്ചത്. ഡൽഹിയിലെ തെരുവിലൂടെ നടക്കുകയായിരുന്ന യുവതിയെ ഒരു കൂട്ടം പുരുഷന്മാർ അവരുടെ രൂപത്തെ പരിഹസിച്ച് ‘സിയോങ് ചിയോങ്’ എന്ന് വിളിക്കുകയും ശേഷം അവർ പരസ്പരം ചിരിച്ചതായും യുവതി വിവരിച്ചു. എന്തോ രസകരമായ കാര്യം ചെയ്തത് പോലെയായിരുന്നു അവരുടെ പരിഹാസച്ചിരിയെന്നും യുവതി കുറ്റപ്പെടുത്തി. ഇന്ത്യക്കാരായ സഹോദരങ്ങൾ ഞങ്ങളെ അന്യരായി കണക്കാക്കുന്നത് വളരെയധികം വിഷമമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.
അതേ ദിവസം തന്നെ മെട്രോയിൽ യാത്ര ചെയ്യുന്ന സമയത്ത് ഒരു യാത്രക്കാരി മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ ‘ചിങ് ചോങ് ചൈന’ എന്ന് പറഞ്ഞതോടെ താൻ വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി. എന്നാൽ, ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം അവർ എന്തോ തമാശ പറഞ്ഞതുപോലെ ചുറ്റിലുമുള്ളവർ ചിരിക്കുകയാണ് ചെയ്തതെന്നും യുവതി വീഡിയോയിൽ വിവരിച്ചു.
തന്നെ അപമാനിക്കുക മാത്രമല്ല ഇവർ ചെയ്തത്. സ്വന്തം രാജ്യത്ത് ‘അന്യത്വം’ അനുഭവിച്ചിട്ടുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാവരെയും നിങ്ങൾ അപമാനിച്ചു. ഇന്ത്യ വൈവിധ്യപൂർണമായിരിക്കുമെന്ന് കരുതി. എന്നാൽ, ഇന്ന് ഞാൻ ശരിക്കും ഒരു ഇന്ത്യക്കാരൻ തന്നെ ആണോ എന്ന് സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും പറഞ്ഞാണ് യുവതി വീഡിയോ അവസാനിപ്പിച്ചത്.
പൊതു ഇടങ്ങളിൽ വംശീയ അധിക്ഷേപങ്ങൾ കൊണ്ട് പരിഹസിക്കപ്പെട്ടതിന്റെയും സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ വംശീയത ചോദ്യചിഹ്നമാകുന്നതിന്റെയും ഒറ്റപ്പെടുത്തുന്നതിന്റെയും പ്രയാസങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അവർ പങ്കുവെക്കുന്നുണ്ട്.
2021-ൽ ഐ.സി.എസ്.എസ്.ആർ നടത്തിയ പഠനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 78 ശതമാനവും അവരുടെ രൂപത്തിന്റെ പേരിൽ വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് ആളുകൾ ശാരീരിക രൂപം, ഭാഷ, സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നേരിടുന്ന വിവേചനങ്ങളെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

