ഡൽഹിയിൽ മീൻ മാർക്കറ്റിൽ വൻ തീപിടിത്തം; നിലവിൽ ആളപായമില്ല
text_fieldsന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിന് സമീപമുള്ള മട്ടിയാലയിലെ മീൻ മാർക്കറ്റിൽ വൻ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രി 11.55ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ 23 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ തുടരുകയാണ്.
തീപടർന്ന് പിടിച്ചതോടെ സമീപത്തെ നിരവധി ചേരികളിലേക്കും തീ പടരുകയായിരുന്നു. ഇത് നിരവധി കുടുംബങ്ങളുടെ വീടുകൾക്ക് ഭീഷണിയായി. സമീപത്ത് താമസിക്കുന്ന ആളുകൾ പുക കണ്ട് ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ചതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്. തീപിടിത്തത്തിൽ ഏകദേശം 300 മുതൽ 400 വരെ ചേരികൾ കത്തിനശിച്ചതായി ഡൽഹി ഫയർ സർവീസ് റിപ്പോർട്ട് ചെയ്‌തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, മാർച്ച് 4ന് വെള്ളം നിറച്ച ബലൂൺ എറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 26 വയസ്സുള്ള യുവാവ് മർദ്ദനമേറ്റ് മരിച്ചതിനെത്തുടർന്ന് ഉത്തം നഗറിലെ ഈ പ്രദേശം നിലവിൽ സംഘർഷാവസ്ഥയിലാണ്. തീപിടുത്തമുണ്ടായ സ്ഥലം സംഭവസ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെയാണെന്ന് പൊലീസ് അറിയിച്ചു. എന്നിരുന്നാലും, തീപിടുത്തത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ന് പുലർച്ചെ മറ്റൊരു തീപിടിത്തം കൂടി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫേസ് 2 പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സെക്‌ടർ 4, B40 ൽ സ്ഥിതി ചെയ്യുന്ന മീറ്റർ നിർമാണ കമ്പനിയിലാണ് തീപിടിത്തം നടന്നത്. കമ്പനിയുടെ മൂന്നാം നിലയിലാണ് തീ പടർന്ന് പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കമ്പനിയിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. തീപിടിത്തം നടക്കുമ്പോൾ 50 ലധികം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

