രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ മോദി ജനിച്ചിട്ടുപോലുമില്ല; ‘ബങ്കിം ദാ’ എന്നു വിളിച്ച പ്രധാനമന്ത്രി മാപ്പ് പറയണം -മമത ബാനർജി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി, മമത ബാനർജി
കൊൽക്കത്ത: ദേശീയ ഗീതമായ ‘വന്ദേ മാതരം’ രചയിതാവ് ബങ്കിം ചന്ദ്ര ചതോപാഥ്യായയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന വന്ദേ മാതരം ചർച്ചയിൽ ബംഗാളി കവിയും നോവലിസ്റ്റുമായ ബങ്കിം ചന്ദ്ര ചാതോപാഥ്യായയെ ‘ബങ്കിം ദാ’ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് മമത ബാനർജി ആരോപിച്ചു. രാജ്യം ഏറെ ആദരിക്കുന്ന പ്രതിഭക്ക് അർഹിച്ച ആദരവ് പോലും പ്രധാനമന്ത്രി നൽകിയില്ലെന്നും, രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും കൂച്ച് ബിഹാർ ജില്ലയിൽ നടന്ന റാലിയിൽ പങ്കെടുത്തുകൊണ്ട് മമത ബാനർജി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ പ്രധാനമന്ത്രി മോദി ജനിച്ചിട്ട് പോലുമില്ലായിരുന്നു. എന്നിട്ടാണ്, ബംഗാളിന്റെ സാംസ്കാരിക പ്രതീകമായ വ്യക്തിക്ക് സാമാന്യ ആദരവ് പോലും നൽകാതെ അശ്രദ്ധമായി അഭിസംബോധന ചെയ്തതത്. ബംഗാളിലെയും രാജ്യത്തെയും ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം -മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു.
ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ചയായിരുന്നു ലോക്സഭയിൽ കോൺഗ്രസിനും പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെയും വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചത്. വന്ദേമാതരം ചർച്ചയെ വീണ്ടും വിഭാഗീയതയുടെ വിത്തിടാനുള്ള അവസരമായി ബി.ജെ.പിയും പ്രധാനമന്ത്രിയും ഉപയോഗിച്ചപ്പോൾ പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചു.
വിഭജനത്തിന് മുമ്പ് സർവേന്ത്യ മുസ്‍ലിം ലീഗിന് വേണ്ടി ജവഹർ ലാൽ നെഹ്റു വന്ദേമാതരത്തെ രണ്ട് ശ്ലോകത്തിലാക്കി വെട്ടിമുറിച്ചുവെന്ന് മോദി ആരോപിച്ചപ്പോൾ, ആറ് ശ്ലോകങ്ങളിലെ രണ്ട് മതിയെന്നത് മഹാകവി രബീന്ദ്ര നാഥ ടാഗോറിന്റെ നിർദേശമാണെന്നും അദ്ദേഹത്തെയും അതംഗീകരിച്ച മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്ര ദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവരെയുമാണ് ഇത് വിവാദമാക്കി മോദി അപമാനിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.
സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി വന്ദേമാതരത്തെ മാറ്റിയത് കോൺഗ്രസാണെന്നായിരുന്നു മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ നൽകിയ മറുപടി. ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരു അവസരവും പ്രധാനമന്ത്രി നഷ്ടപ്പെടുത്തുന്നില്ല. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ആലപിക്കാൻ ശിപാർശ ചെയ്യുന്ന പ്രമേയം 1937ലെ കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി -തുടങ്ങിയ വന്ദേമാതരം ദേശീയ ഗീതമായി മാറിയതിന്റെ ചരിത്രം ബോധ്യപ്പെടുത്തിയാണ് ഖാർഗെ മറുപടി നൽകിയത്.
ബങ്കിം ബാബു എന്നായിരുന്നു പ്രധാനമന്ത്രി പ്രസംഗത്തിൽ ഉപയോഗിക്കേണ്ടതെന്നും, ‘ദാ’എന്ന വിളിയിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പ്രതീകത്തെ അപമാനിച്ചുവെന്നും തൃണമൂൽ എം.പി സുഗത റോയ് ലോക്സഭയിൽ വെച്ചുതന്നെ മോദിയെ തിരുത്തിയിരുന്നു.
ഉടൻ തന്നെ വിമർശനം അംഗീകരിച്ച മോദി നിങ്ങളുടെ വികാരം ഉൾകൊള്ളുന്നുവെന്നും ബങ്കിം ബാബു എന്ന് വിളിക്കുന്നതായും പ്രതികരിച്ചു. ബംഗാളിന്റെ സംസ്കാരവും ഭാഷയും പൈതൃകയും തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മമത ബാനർജി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

