Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുസ്‍ലിം ലീഗിന്...

‘മുസ്‍ലിം ലീഗിന് മുന്നിൽ തലകുനിച്ചു,’ നെഹ്രുവിനെതിരെ മോദി, കിണഞ്ഞ് പരിശ്രമിച്ചാലും ചരിത്രം തിരുത്താനാവില്ലെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

text_fields
bookmark_border
‘മുസ്‍ലിം ലീഗിന് മുന്നിൽ തലകുനിച്ചു,’ നെഹ്രുവിനെതിരെ മോദി, കിണഞ്ഞ് പരിശ്രമിച്ചാലും ചരിത്രം തിരുത്താനാവില്ലെന്ന് തിരിച്ചടിച്ച് കോൺഗ്രസ്
cancel

ന്യൂഡൽഹി: വന്ദേമാതരത്തെ തഴഞ്ഞതിന് പിന്നിൽ നെഹ്രുവിന്റെ മുസ്‍ലിം ലീഗിനോടുള്ള വിധേയത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശഭക്തി ഗാനത്തെ തിരുത്തുകയും അവഗണിക്കുകയും ചെയ്ത് കോൺഗ്രസ് സ്വാത​ന്ത്രസമര പോരാട്ടത്തിന്റെ ആത്മാവിനെ തന്നെ ഒറ്റിയെന്നും നരേന്ദ്രമോദി പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിലെ പ്രത്യേക ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശങ്ങൾ.

മുഹമ്മദ് അലി ജിന്നയുടെ വീക്ഷണങ്ങളോട് സമരസപ്പെട്ടാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുന്നോട്ട് പോയതെന്നും ‘വന്ദേമാതരം’ രാജ്യത്തെ മുസ്‍ലിം വിഭാഗത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

‘വന്ദേമാതരത്തോട് ജിന്ന എതിർപ്പറിയിച്ചതിന് പിന്നാലെ, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു സുഭാഷ് ചന്ദ്രബോസിന് കത്തെഴുതി. വന്ദേമാതരത്തിന്റെ പശ്ചാത്തലം പരിശോധിച്ചുവെന്നും അത് മുസ്‍ലിങ്ങളെ പ്രകോപിതരാക്കിയേക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. വന്ദേമാതരത്തിന്റെ ഉപയോഗം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, അതും ബങ്കിം ചന്ദ്രയുടെ ബംഗാളിൽ’-മോദി പറഞ്ഞു.

കോൺഗ്രസ് വന്ദേമാതരത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് മോദി പറഞ്ഞു. 1930 ഒക്ടോബർ 26ന് വന്ദേമാതരത്തെ തിരുത്തിയെഴുതി. ആ തീരുമാനം ഒരു പരാജയമായിരുന്നുവെന്നും മോദി പറഞ്ഞു. ‘അവർ ​മുസ്‍ലിം ലീഗിന് മുന്നിൽ തല കുനിച്ച് വന്ദേമാതരത്തെ തഴയാൻ തീരുമാനിച്ചു,’ മോദി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി. ‘അവർ 1950ൽ ബംഗാൾ വിഭജിക്കുമ്പോൾ വന്ദേമാതരം ഒരു പാറപോലെ നിന്നു. വന്ദേമാതരം ഇന്ത്യയുടെ ​സ്വയംപര്യാപ്തതയിലേക്കുള്ള പാതയായിരുന്നു. അന്നുകാലത്ത്, കപ്പൽ മുതൽ തീപ്പെട്ടിക്കൂട് വരെ വന്ദേമാതരം ആലേഖനം ചെയ്തിരുന്നു. ഇത് വിദേശ കമ്പനികൾക്കെതിരെ വെല്ലുവിളിയായും സ്വദേശി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായും മാറി,’ മോദി പറഞ്ഞു.

ഗാന്ധിജി വന്ദേമാതരത്തെ ദേശീയഗാനത്തോട് ഉപമിച്ചുവെങ്കിലും കോണ്‍ഗ്രസ് അതിനെ തരം താഴ്‌ത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി. വന്ദേമാതരത്തിന് പിന്നിലെ ചരിത്രവും ത്യാഗങ്ങളെയും തിരിച്ചറിയാനുള്ള പുണ്യ സന്ദർഭമാണിതെന്നും 2047 ലെ വികസിത ഭാരതത്തിനായുളള നമ്മുടെ ദൃഢനിശ്ചയത്തെ കൂടതൽ ശക്തിപ്പെടുത്താനുള്ള അവസാരമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ ഒപീനിയൻ വീക്ക്‍ലിയിൽ 1905 ഡിസംബർ രണ്ടിന് ബങ്കിം ചന്ദ്ര ചിട്ടപ്പെടുത്തിയ വന്ദേമാതരം ബംഗാളിലെങ്ങും പ്രസിദ്ധമാണെന്ന് മഹാത്മാ ഗാന്ധി എഴുതി. മറ്റ് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെ അപേക്ഷിച്ച് ആഴത്തിലുള്ള വികാരങ്ങളും ആലാപന ഭംഗിയും ​ഉള്ളതിനാൽ ഇന്ത്യയുടെ ദേശീയ ഗാനമായി പരിഗണിക്കാൻ തക്കവണ്ണം ആ ഗാനം ജനകീയമാണെന്ന് ഗാന്ധി കുറിച്ചുവെന്നും മോദി പറഞ്ഞു.

കോൺഗ്രസിന്റെ വിട്ടുവീഴ്ചകളാണ് ഇന്ത്യാവിഭജനത്തിലേക്ക് നയിച്ചതെന്നും മോദി ആരോപിച്ചു. വന്ദേമാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു, ഇതേത്തുടർന്ന് രാജ്യം വിഭജിക്കാനുള്ള തീരുമാനം അംഗീകരിക്കാനും നിർബന്ധിതരായി. ചില മഹാൻമാർ സ്വതന്ത്രമായ രാജ്യം സ്വപ്നം കണ്ടു, ഇന്നത്തെ തലമുറ അഭിവൃദ്ധി പ്രാപിച്ച ഇന്ത്യ സ്വപ്നം കാണുന്നു. ഇത് രണ്ടിനും പ്രചോദനമാണ് വന്ദേമാതരമെന്നും മോദി പറഞ്ഞു.

​അതേസമയം, മോദിയുടേത് ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വന്ദേമാതരം ചർച്ചക്ക് രാഷ്ട്രീയ നിറം നൽകാനാണ് മോദി ശ്രമിച്ചതെന്നും കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് എന്തുവിഷയത്തിൽ, എവിടെ സംസാരിച്ചാലും കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെയും വിമർശിക്കുന്നത് ശീലമായി മാറിയിരിക്കുകയാണെന്ന് ഗൗരവ് ഗോഗോയ് പറഞ്ഞു. ‘നിങ്ങളുടെ പൂർവ നേതാക്കൾ ബ്രിട്ടീഷുകാർക്കെതിരെ നിരവധി സമരങ്ങളിൽ പ​ങ്കെടുത്തിരുന്നുവെന്ന് തോന്നി. അതുകൊണ്ട് തന്നെ, ചരിത്രത്തെ മാറ്റിയെഴുതുവാനും തിരുത്താനുമുള്ള ശ്രമമായാണ് പ്രധാന​മന്ത്രിയുടെ പ്രസംഗം തോന്നിയത്. രണ്ടാമതായി, സഭയിലെ ചർച്ചക്ക് രാഷ്ട്രീയ നിറം നൽകുകയും ​അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു,’ ​ഗെഗോയ് പറഞ്ഞു.

ഓപറേഷൻ സിന്ദൂറിനിടെ നെ​ഹ്രുവിന്റെ പേര് 14 തവണയും കോൺഗ്രസിനെ 50 തവണയും മോദി പരാമർശിച്ചിരുന്നുവെന്ന് ​ഗൊഗോയ് പറഞ്ഞു. ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച ചർച്ചയിൽ നെഹ്രുവിനെ 10 തവണയും കോൺഗ്രസിനെ 26 തവണയുമാണ് മോദി പരാമ​ർശിച്ചത്. ബി.ജെ.പി കിണഞ്ഞ് പരിശ്രമിച്ചാലും രാജ്യത്തിന് നെഹ്രു നൽകിയ സംഭാവനകളിൽ ഒരു കളങ്കം പോലും ഏൽപ്പിക്കാനാവില്ല. വ​ന്ദേമാതരം അർഹിക്കുന്ന പരിഗണന നൽകിയത് കോൺഗ്രസാണ്. കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിന് അപ്പുറം അതിന് ദേശീഗീത​മെന്ന പദവി നൽകിയത് കോൺഗ്രസാണെന്നും ഗൊഗോയ് പറഞ്ഞു.

1896ൽ കോൺഗ്രസിന്റെ കൽക്കട്ട സെഷനിൽ വെച്ചാണ് ആദ്യമായി രബിന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചത്. രചയിതാവ് ജീവനോടിരിക്കെത്തന്നെ വന്ദേമാതരത്തിന്റെ ആദ്യ ചരണത്തിൽ ഈണത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള അംഗീകാരം തനിക്ക് ലഭിച്ചുവെന്ന് കാണിച്ച് ടാഗോർ നെഹ്രുവിന് കത്തെഴുതിയിരുന്നു. 1905ൽ കോൺഗ്രസിന്റെ ബനാറസ് സമ്മേളനത്തിൽ സരളാ ദേവി ചൗധുരാണിയും വ​ന്ദേമാതരം ആലപിച്ചിരുന്നുവെന്നും ഗൊഗോയ് പറഞ്ഞു.

‘ഗീതത്തിൽ വരുത്തിയ പ്രധാന തിരുത്തുകളിലൊന്ന് ജനസംഖ്യ സംബന്ധിച്ചായിരുന്നു. യഥാർഥ ഗീതത്തിൽ ഏഴ് കോടിയെന്നാണ് എഴുതിയിരുന്നത്. എന്നാൽ, 1905ൽ ബനാറസ് ​സെഷന്റെ സമയത്ത് സരളാ ദേവി ചൗധുരാണി ഇത് 30 കോടിയെന്ന് തിരുത്തി ഗാനത്തെ ദേശീയമാക്കി,’ ഗൊഗോയ് കൂട്ടിച്ചേർത്തു.

മുസ്‍ലിം ലീഗ് വന്ദേമാതരത്തെ ബഹിഷ്‍കരിക്കാൻ ആഹ്വാനം ചെയ്​തപ്പോൾ കോൺഗ്രസിലെ മൗലാന ആസാദ് തനിക്ക് വന്ദേമാതരം ആലപിക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതായിരുന്നു കോൺഗ്രസും മുഹമ്മദലി ജിന്നയും തമ്മിലുള്ള വ്യത്യാസം. ലീഗിൽ നിന്നുള്ള സമ്മർദ്ദത്തിനിടയിലും 1937ൽ നടന്ന സമ്മേളനത്തിൽ, തുടർന്നുള്ള ദേശീയ സമ്മേളനങ്ങളിലെല്ലാം വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ആലപിക്കാൻ തീരുമാനമെടുത്തിരുന്നു. മുസ്‍ലിം ലീഗും ഹിന്ദുമഹാസഭയും ആ നീക്കത്തെ എതിർത്ത് രംഗത്തെത്തിയപ്പോഴും ​അതിലുപരി പൊതുവികാരമാണ് കോൺഗ്രസ് മാനിച്ചതെന്നും ഗൊഗോയി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiVande MataramGaurav Gogoi
News Summary - Modi’s Vande Mataram pitch, gogois replay
Next Story