'മോദി സർക്കാർ ഭീരുത്വത്തിന്റെ പാരമ്യം'; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിൽ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് തലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി സമരം ചെയ്ത മാതാപിതാക്കളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാതാപിതാക്കളെ അടിച്ചമർത്തിയ പോലീസ് നടപടി മോദി സർക്കാരിന്റെ 'ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യ'മാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കേസിൽ പേരുയർന്നു കേൾക്കുകയും അങ്കിതയുടെ കുടുംബം ആരോപണമുന്നയിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന് സിക്കിം ഗവർണർ പദവി നൽകി കേന്ദ്രം ആദരിച്ചപ്പോൾ, മകൾക്ക് നീതി തേടി കരയുന്ന മാതാപിതാക്കളെ ഭരണകൂടം തടവിലാക്കുകയാണെന്ന് ഖാർഗെ 'എക്സി'ൽ കുറിച്ചു:
"മോദി സർക്കാരിന്റെ ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യമാണിത്! നീതിക്കായി കേഴുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുന്നു, അതേസമയം ഒരു ബി.ജെ.പി 'വി.ഐ.പി'ക്ക് ഗവർണർ സ്ഥാനം നൽകി പാരിതോഷികം നൽകുന്നു! മകൾ നഷ്ടപ്പെട്ട മാതാപിതാക്കളോട് കാണിക്കുന്ന ഈ സമീപനം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ്. മകൾ അങ്കിതയ്ക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരുക തന്നെ ചെയ്യും."
— മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
പുലർച്ചെ നാലിന് അർദ്ധരാത്രി നാടകം; നേതാക്കളെയും കസ്റ്റഡിയിലെടുത്തു
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇന്ത്യാ ഗേറ്റിൽ ധർണയിരുന്ന അങ്കിതയുടെ മാതാപിതാക്കളെയും കോൺഗ്രസ് നേതാക്കളെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ത്യാ ഗേറ്റിൽ ജനാധിപത്യം പുലർച്ചെ നാലുമണിക്ക് അവസാനിക്കുകയാണെന്ന് കസ്റ്റഡിയിലായ കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
നേതാക്കളായ പവൻ ഖേര, സുപ്രിയ ശ്രീനേതെ, ഇമ്രാൻ പ്രതാപ്ഗർഹി, ജോതിമണി എം.പി എന്നിവരും സ്റ്റേഷനിൽ പ്രതിഷേധം തുടർന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ അഞ്ചോടെ മാതാപിതാക്കളെ പൊലീസ് വിട്ടയക്കുകയായിരുന്നു. ബുധനാഴ്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമരവേദിയിലെത്തി മാതാപിതാക്കളെ നേരിൽക്കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
സിക്കിം ഗവർണർ നിയമനത്തിനെതിരെ രോഷം; കേസന്വേഷണം തീരുംവരെ നിയമനം മരവിപ്പിക്കണം
ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച നടപടി അടിയന്തരമായി പിൻവലിക്കുകയോ കേന്ദ്ര അന്വേഷണം പൂർത്തിയാകുന്നതുവരെ മരവിപ്പിക്കുകയോ ചെയ്യണമെന്ന് അങ്കിതയുടെ കുടുംബം ആവശ്യപ്പെട്ടു. ഭരണഘടനാ പദവി നൽകുന്നതിലൂടെ ആരോപണവിധേയനായ വ്യക്തിക്ക് ക്രിമിനൽ നടപടികളിൽ നിന്ന് നിയമപരിരക്ഷ നൽകാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ദുഷ്യന്ത് കുമാർ ഗൗതമിന്റെ നിയമനം റദ്ദാക്കാൻ കേന്ദ്രത്തിന് അങ്കിതയുടെ പിതാവ് 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022 സെപ്റ്റംബറിലാണ് ഋഷികേശിലെ വനന്താര റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന 19-കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. ബി.ജെ.പി മുൻ നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയടക്കം മൂന്ന് പ്രതികളെ കോട്ദ്വാർ കോടതി കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ക്രൂരകൃത്യത്തിന് പിന്നിലെ 'വി.ഐ.പി' ആരാണെന്ന കുടുംബത്തിന്റെ ചോദ്യത്തിന് ഇപ്പോഴും ഭരണകൂടം മറുപടി നൽകിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

