‘ക്രിസ്മസ് പാട്ടും ഡാൻസും മതപരിവർത്തനമാണോ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനാണ് വീട്ടിലെത്തിയത്’ -ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി മലയാളി വൈദികൻ
text_fieldsനാഗ്പൂരിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ. സുധീറും ഭാര്യ ജാസ്മിനും
നാഗ്പൂർ: സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം നാഗ്പൂരിലെ ഷിഗോഡിയിലെ വീട്ടിലെത്തിയതെന്ന് മതപരിവർത്തനം ആരോപിച്ച് ബജ്റങ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ചതിനു പിന്നാലെ പൊലീസ് അറസ്റ്റുചെയ്ത മലയാളി വൈദികൻ ഫാ. സുധീർ. ബുധനാഴ്ച ഉച്ചകഴിഞ്ഞ മഹാരഷ്ട്ര വറൂട് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തന ശ്രമങ്ങളോ, ആരാധനാ പരിപാടികളോ വീട്ടിൽ നടന്നിട്ടില്ലെന്നും ഫാ. സുധീർ പ്രതികരിച്ചു.
‘ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വീട്ടിലെത്തിയത്. വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായിരുന്നു എത്തിയത്. ക്രിസ്മസ് കൂടിയായതിനാൽ, പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ക്രിസ്മസ് ഗാനങ്ങളും പാടിയിരുന്നു. ശേഷം, പിറന്നാളുമായി ബന്ധപ്പെട്ട സന്ദേശം നൽകി. വീട്ടുകാരുടെ കുടുംബാംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. മതപരിവർത്തനമൊന്നും ഇവിടെ നടന്നിട്ടില്ല.
കുട്ടികൾ പാട്ട് പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്നതിനിടെയാണ് വലിയൊരു സംഘം ബജ്റങ്ദൾ പ്രവർത്തകർ വന്ന് പ്രശ്നമുണ്ടാക്കുന്നത്. 40ഓളം പേർ വീടിനു പുറത്തുണ്ടായിരുന്നു. തൊട്ടു പിന്നാലെ പൊലീസും എത്തി. ഭക്ഷണം കഴിക്കാനിരിക്കെ അതേപടി തന്നെ പൊലീസ് ഞങ്ങളെ വാഹനത്തിൽ കയറ്റികൊണ്ടു പോകുകയായിരുന്നു’ -ജാമ്യം ലഭിച്ചതിനു ശേഷം പുറത്തിറങ്ങിയ ഫാ. സുധീർ പറഞ്ഞു.
പൊലീസ് സ്റ്റേഷന് പുറത്തും വലിയൊരം സംഘം ബജ്റങ്ദൾ പ്രവർത്തകർ സംഘടിച്ചതായി അദ്ദേഹം പറഞ്ഞു. സഹായിക്കാനായി പൊലീസ് സ്റ്റേഷനിൽ വന്ന രണ്ട് പുരോഹിതർക്കും മടങ്ങാൻ കഴിഞ്ഞില്ല. ആകെ ഭയപ്പാടിലായിരുന്നു. പിറന്നാൾ ആഘോഷിച്ച യുവാവിനെയും പൊലീസ് പ്രതിചേർത്തുവെന്നത് ഭീകരമായ അവസ്ഥയാണ്. എന്താണ് ഇവിടെ നടന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമവും നടന്നിട്ടില്ല. ക്രിസ്മസ് പാട്ട് പാടുന്നതും, ഡാൻസ് കളിക്കുന്നതും മതപരിവർത്തനത്തിന്റെ ഭാഗമായി വരുന്നതാണോ. അങ്ങനെയാണെങ്കിൽ, മറ്റു മതങ്ങളുടെ ആഘോഷങ്ങളും മതപരിവർത്തനത്തിൽ വരേണ്ടതല്ലേ. രീതികൾ മാറുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത് -ഫാ സുധീർ അനുഭവങ്ങൾ വിവരിച്ചു.
എന്നാൽ, പൊലീസുകാർ മാന്യമായാണ് തങ്ങളോട് പെരുമാറിയതെന്നും, നിങ്ങൾ തെറ്റു ചെയ്തിട്ടില്ല എന്ന് അറിയാമെന്ന് അവർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മതപരിവർത്തനമായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അപലപനീയമാണ്. ആ തരത്തിൽ ആരോപിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
ബജ്റങ് ദൾ പ്രവർത്തകർ മോശമായി പെരുമാറാൻ ശ്രമിച്ചതായി ഫാ.സുധീറിന്റെ ഭാര്യയും സുവിശേഷ പ്രവർത്തകയുമായ ജാസ്മിൻ പറഞ്ഞു. അവർ ആക്രമിക്കും മുമ്പേ മുമ്പേ പൊലീസ് എത്തിയതിനാൽ ഞങ്ങൾ സുരക്ഷിതമായി സ്റ്റേഷനിലെത്തിയെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സി.എസ്.ഐ നാഗ്പൂർ മിഷനിലെ ഫാ. സുധീർ, ഭാര്യ ജാസ്മിൻ, പ്രദേശവാസികളായ മറ്റു ആറുപേർ എന്നിവരെ മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ആശങ്കക്കിടയായ സംഭവത്തിനു പിന്നാലെ രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിരുന്നു. ഒടുവിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞതിനു പിന്നാലെ മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് വൈദികനും ഭാര്യയുമടക്കം എട്ടുപേർക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാ. സുധീർ അഞ്ചു വർഷമായി നാഗ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ക്രിസ്മസ് വേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾക്കും ആഘോഷ പരിപാടികൾക്കും നേരെ സംഘ്പരിവാർ സംഘടനകൾ വ്യാപക അക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് നാഗ്പൂരിലെ അറസ്റ്റ്.
കഴിഞ്ഞ ജൂലായിലാണ് രണ്ടു മലയാളി കന്യാസ്ത്രീകൾ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ് ഗഢിൽ അറസ്റ്റിലായത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരുടെ അറസ്റ്റ് കേരളത്തിലും കേന്ദ്രത്തിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഒടുവിൽ എട്ടു ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

